
ദില്ലി: ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ച് എ രാജ. എതിർ സ്ഥാനാർത്ഥികളുടെ വാദങ്ങൾ നിലനിൽക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. തന്‍റെ കുടുംബം 1949 മുതൽ കേരളത്തിലുണ്ട്. ഇതിനുള്ള രേഖകൾ കൈവശമുണ്ട്. ക്രിസ്തുമതത്തിലേക്ക് താൻ മാറിയെന്ന മൊഴി അവിശ്വസനീയമാണ്. മാമോദീസ മുക്കിയെന്ന മൊഴി നൽകിയ വൈദികന് അന്ന് പ്രായം 13 മാത്രമാണെന്നും സത്യവാങ്മൂലത്തിൽ എ രാജ വിശദീകരിക്കുന്നുണ്ട്.
13 വയസ്സുള്ള ഒരാള്‍ എങ്ങനെ മാമോദീസ മുക്കുമെന്നും രാജ സത്യവാങ്മൂലത്തില്‍ ചോദിക്കുന്നുണ്ട്. തന്റെ മാതാപിതാക്കള്‍ അടക്കമുള്ള പൂര്‍വികര്‍ 1949 മുതല്‍ കേരളത്തിലാണ് താമസിച്ചു വന്നിരുന്നതെന്നും എ രാജ അവകാശപ്പെടുന്നുണ്ട്. വിവാഹ ചിത്രം എന്ന് പറഞ്ഞ് കൊണ്ടുവന്ന തെളിവുകൾ നിയമപരമായി നിലനിൽക്കില്ല. വിവാഹം നടന്നത് വീട്ടിലാണ് പള്ളിയിൽ അല്ല. താൻ ജീവിക്കുന്നത് പട്ടികജാതി സമുദായ അംഗമായിട്ടാണ്.
സമുദായം തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും രാജ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ മാര്‍ച്ചിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചായിരുന്നു രാജയ്ക്കെതിരെ ഹൈക്കോടതി വിധി പറഞ്ഞത്.
പരിവര്‍ത്തിത ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടയാളാണെന്നും, അതിനാല്‍ സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത് എന്നാല്‍, രാജ ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ച കോടതി എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ അനുവദിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam