
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കൽ കൂടി മോദി ഇന്ത്യ ഭരിച്ചാൽ രാജ്യം നശിക്കുമെന്നും ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി കോൺഗ്രസ് അധഃപതിച്ചെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വഷത്തിനിടെ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും പരിഹരിക്കാൻ കേന്ദ്ര സർക്കാരിനായിട്ടില്ല.പാവപ്പെട്ടവരെയും സാധാരണക്കാരെയും കൂടുതൽ പാപ്പരാക്കി കോർപ്പറേറ്റുകളെ സഹായിക്കുന്ന ബജറ്റുകളാണ് കേന്ദ്രസർക്കാർ ഇതുവരെ പ്രഖ്യാപിച്ചത്. സമ്പന്നർക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് പണമെടുത്ത് മുങ്ങാൻ സർക്കാർ ഒത്താശ ചെയ്തുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
മതനിരപേക്ഷതയല്ല നാസിസമാണ് ബിജെപി അംഗീകരിക്കുന്നത്. ഘർവാപ്പസിയടക്കം വർഗീയത നിറഞ്ഞാടിയ അഞ്ച് വർഷങ്ങളാണ് കഴിഞ്ഞുപോയത്. ഇനിയും ഒരു തവണ കൂടി മോദി സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യം നശിക്കും. അതിനാൽ മതേതര സർക്കാരായിരിക്കണം ഇനി രാജ്യം ഭരിക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു
മോദി സർക്കാരിനെ കടന്നാക്രമിച്ച പിണറായി വിജയൻ കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ നശിപ്പിക്കുന്ന ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് കേന്ദ്രമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. ബിജെപിയുടെയും കോൺഗ്രസിന്‍റെയും സാമ്പത്തിക നയം ഒന്നാണ്. മതേരത പാർട്ടിയാണെന്നാണ് പറയുമ്പോഴും വർഗീയ വാദികൾക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ഗോമാതാവിന്‍റെ പേരിൽ അക്രമം നടന്നപ്പോൾ ഗോവധം നിരോധിച്ചവരാണന്ന് പറഞ്ഞ് രംഗത്ത് വന്നവരാണ് കോൺഗ്രസ്. ബാബറി മസ്ജിദ് കേസിൽ രാമക്ഷേത്രം ഞങ്ങൾക്കേ പണിയാനാവൂ എന്നും കോൺഗ്രസ് പറഞ്ഞു. ഇതെല്ലാം വ്യക്തമാക്കുന്നത് കോൺഗ്രസിന്‍റെ വർഗീയ മുഖമാണെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam