നളിനി നെറ്റോയുടെ രാജി; കാര്യം മനസ്സിലാക്കാതെ വാർത്തകൾ അടിച്ചുവിടരുതെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Mar 13, 2019, 6:12 PM IST
Highlights

പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നളിനി നെറ്റോയുടെ രാജി എന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. 

തിരുവനന്തപുരം: നളിനി നെറ്റോയുടെ രാജിയിൽ മാധ്യമങ്ങൾ വസ്തുതകളെ വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്താണ് വസ്തുത എന്ന് മനസ്സിലാക്കാതെയാണ് മാധ്യമങ്ങൾ വാർത്തകൾ  അടിച്ചു വിടുന്നത്. സഹോദരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുമ്പോൾ  നളിനി നെറ്റോ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടാണ് രാജിവച്ചത്. അല്ലാതെ നളിനി നെറ്റോയ്ക്ക് ആരുമായും തർക്കമില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്നും  കഴിഞ്ഞ ദിവസമാണ് നളിനി നെറ്റോ രാജിവച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി എന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

ഇന്നാണ് നളിനി നെറ്റോയുടെ സഹോദരനും ഇന്‍കം ടാക്സ് മുന്‍ ഓഫീസറുമായ ആർ  മോഹനനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്ന്  എം വി ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.

ഐആര്‍എസിൽ ചേരുന്നതിന് മുന്‍പ് റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ആർ മോഹനൻ നിലവില്‍ തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റാണ്. കോയമ്പത്തൂരിൽ ഇൻകം ടാക്സ് കമ്മീഷണറായിരിക്കെ സ്വയം വിരമിച്ച ആർ മോഹനൻ സിഡിഎസിൽ വിസിറ്റിങ് ഫെലോയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

click me!