
എറണാകുളം: കോതമംഗലത്ത് വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ച് വീഴ്ത്തി മോഷണം. അയിരൂർ പാടത്തെ ജേക്കബ്- ഏലിയാമ്മ ദമ്പതികളെ ആക്രമിച്ചാണ് കവർച്ച സംഘം മോഷണം നടത്തിയത്. വീട്ടിൽ നിന്ന് നാലര പവന്‍റെ രണ്ട് സ്വർണ്ണമാലകൾ നഷ്ടപ്പെട്ടതായി ദമ്പതികൾ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
വീടിന്‍റെ പിൻവാതിൽ കുത്തിപ്പൊളിച്ച് അകത്ത് കയറിയ മോഷണ സംഘം ആദ്യം ജേക്കബിനെ അടിച്ചവശനാക്കി മുറിയിൽ പൂട്ടിയിട്ടു. ശബ്ദം കേട്ടെത്തിയ ഏലിയാമ്മയെയും സംഘം മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഏലിയാമ്മ ബോധരഹിതയായി. പുലർച്ചെ ബോധം തെളിഞ്ഞ ഏലിയാമ്മ അയൽവാസികളെ വിവരമറിയിക്കുകയുമായിരുന്നു. മുഖംമൂടി ധരിച്ചായിരുന്നു അക്രമികൾ എത്തിയത്.
വീട്ടിൽ പ്രായമായവർ മാത്രമേ ഉള്ളൂ എന്ന് നേരത്തേ അറിയുന്നവരാകണം മോഷണത്തിന് പിന്നിലെന്നാണ് കോതമംഗലം പൊലീസിന്‍റെ നിഗമനം. ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ദമ്പതികളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam