
കൊല്ലം: കൊല്ലം പുനലൂർ കലയനാട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48), ഭർത്താവ് ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തിൽ വന്നിരുന്ന ദമ്പതികൾ നിയന്ത്രണം വിട്ട് ലോറിക്കിടയിൽ പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടക്കെണിയൊരുക്കി കുഴികള്‍
മലപ്പുറത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന്‍റെ എല്ല് പൊട്ടി. കോഴിക്കോട് ഗൂഡല്ലൂർ സംസ്ഥാന പാതയിൽ നിലമ്പൂർ ടൗണിനു സമീപമാണ് അപകടം.നിലമ്പൂർ ചന്തക്കുന്ന് സ്വദേശി പിബി സഞ്ജുവാണ് റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടത്. ജോലിക്ക് വരുന്നതിനിടെ കുഴിയിൽ ചാടുകയായിരുന്നു. ഈ ഭാഗത്തു റോഡിലെ കുഴി അടക്കാൻ നിരവധി തവണ പരാതി പറഞ്ഞിരുന്നെന്നും കാര്യമുണ്ടായില്ലെന്നും യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരത്ത് റോഡിലെ കുഴി കാരണമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് ഇന്നലെ മരിച്ചിരുന്നു. ആംബുലൻസിടിച്ച് പരിക്കേറ്റ ചന്തവിള സ്വദേശി ധനീഷ് (33) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്ക് ദേശീയപാതയിൽ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് മുന്നിലായിരുന്നു അപകടം. റോഡിലെ കുഴി കണ്ട് മുന്നിൽ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ആംബുലൻസ് ഡിവൈഡർ തകർത്ത് എതിർവശത്ത് നിന്ന് വന്ന വാഹനങ്ങളിലിടിക്കുകയായിരുന്നു.
രണ്ട് കാറുകളിലും സ്കൂട്ടറിലുമാണ് ആംബുലന്‍സ് ഇടിച്ചത്. സ്കൂട്ടറിൽ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ് ആംബുലൻസിനടിയിൽപ്പെടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് ധനീഷിനെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ധനീഷിനെ ആദ്യം മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റിരുന്നു.