മുഹൂർത്തം 10 ന്, ദുരിതപ്പെയ്ത്തില്‍ റോഡെല്ലാം തോടായി, ചെമ്പുരുളിയിലിരുന്ന് തുഴഞ്ഞ് കയറി ഒരു കല്യാണം

By Web TeamFirst Published Oct 18, 2021, 11:02 AM IST
Highlights

കല്ല്യാണത്തിനായി ചെമ്പിനകത്ത് വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ ചിരിയോടെ പറഞ്ഞു. 

ആലപ്പുഴ: ആലപ്പുഴ (Alappuzha) തലവടിയില്‍ വെള്ളക്കെട്ടില്‍ വീഴാതെ കല്ല്യാണ പന്തലിലേക്ക് ദമ്പതികള്‍ എത്തിയത് സാഹസികമായി ചെമ്പില്‍ കയറി. അപ്പര്‍ കുട്ടനാട് മേഖലയിലെ ഐശ്വര്യയ്ക്കും ആകാശിനുമാണ് വിവാഹിതരാവാനായി ചെമ്പില്‍ കയറേണ്ടി വന്നത്. മുഹൂർത്തം തെറ്റാതെ താലി ചാർത്താനാണ് ചെമ്പിൽ ഇരുന്നും മണ്ഡപത്തിലേക്ക് ഇരുവരും യാത്ര നടത്തിയത്. തലവടി പനയൂന്നൂർക്കാവ് ക്ഷേത്രമായിരുന്നു ആകാശിൻ്റെയും ഐശ്വര്യയുടെയും വിവാഹവേദി. അപ്രതീക്ഷിതമായി പെയ്ത മഴയിൽ ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശമാകെ വെള്ളത്തിൽ മുങ്ങി.

പിന്നെ നാട്ടുകാരാണ് കതിർമണ്ഡപത്തിൽ എത്താൻ ചെമ്പിനകത്ത് യാത്ര ഒരുക്കിയത്. അടുത്ത ബന്ധുക്കളെ മാത്രം സാക്ഷിയാക്കി ഇരുവരും താലി ചാർത്തി. കല്ല്യാണത്തിനായി ചെമ്പിനകത്ത് കയറി വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ ചിരിയോടെ പറഞ്ഞു. ഏറെ നാളത്തെ  പ്രണയത്തിനൊടുവിൽ ആയിരുന്നു തകഴി സ്വദേശി ആകാശിന്‍റേയും അമ്പലപ്പുഴ സ്വദേശി ഐശ്വര്യയുടെയും വിവാഹം. ഇരുവരും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ  ആരോഗ്യ ജീവനക്കാരാണ്.

മഴ മാറി നിന്നെങ്കിലും കിഴക്കൻ വെള്ളത്തിന്‍റെ വരവാണ് ആലപ്പുഴ ജില്ലയിലെ പ്രതിസന്ധി. അപ്പർ കുട്ടനാട്,  ചെങ്ങന്നൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയിലെ ഡാമുകൾ തുറന്നതോടെ കൂടുതൽ വെള്ളം വൈകിട്ടോടെ ഒഴുകി എത്തും എന്ന ആശങ്കയുണ്ട്. 

 

:

 

 

 

click me!