വ്യാജ സിദ്ധന്‍റെ ഉപദേശം, നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച് ക്രൂരത; അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി

By Web TeamFirst Published Aug 21, 2020, 7:54 PM IST
Highlights

കോഴിക്കോട് ഓമശ്ശേരി സ്വദേശിനിക്കാണ് താമരശ്ശേരി സിജെഎം കോടതി 1000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും വിധിച്ചത്. 2016 നവംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

കോഴിക്കോട്: അന്ധവിശ്വാസത്തിന്‍റെ പേരിൽ നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ അമ്മയെ കോടതി ശിക്ഷിച്ചു. വ്യാജ സിദ്ധന്‍റെ ഉപദേശം സ്വീകരിച്ച് കുഞ്ഞിന് മുലപ്പാൽ നൽകാതിരുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശിനിക്കാണ് താമരശ്ശേരി സിജെഎം കോടതി 1000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും വിധിച്ചത്. 2016 നവംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

കേസിൽ ഒന്നാം പ്രതിയും കുഞ്ഞിൻറെ അമ്മയുമായ  ചക്കാനകണ്ടി ഹഫ്സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മജിസ്ട്രേറ്റ്  ശിക്ഷിച്ചത്. ജുവനൈൽ ആക്ടിലെ 75,87 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കേസിലെ മറ്റ് പ്രതികളായിരുന്ന കളൻതോട് സ്വദേശി മുഷ്താരി വളപ്പിൽ  ഹൈദ്രോസ് തങ്ങൾ എന്ന 'സിദ്ധൻ' , യുവതിയുടെ ഭർത്താവ് അബൂബക്കർ എന്നിവരെ കോടതി വെറുതെവിട്ടു. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയിൽ പിറന്ന കുഞ്ഞിന് അന്ധ വിശ്വാസത്തിന്‍റെ പേരിൽ മാതാപിതാക്കൾ മുലപ്പാൽ നിഷേധിക്കുകയായിരുന്നു. 

ജനിച്ച് അഞ്ച് നേരങ്ങളിലെ ബാങ്ക് വിളി കഴിഞ്ഞ് ഏതാണ്ട് 23 മണിക്കൂർ കഴിഞ്ഞാണ് കുഞ്ഞിന് മുലപ്പാൽ നൽകിയത്.പൊലീസും ആശുപത്രി അധികൃതരും ഇടപെട്ടെങ്കിലും കുഞ്ഞിന് മാതാവ് മുലപ്പാൽ നൽകുന്നത് അബൂബക്കർ വിലക്കി.  തന്‍റെ നിർദ്ദേശം അനുസരിക്കാതെ മുലപ്പാൽ നൽകിയാൽ ഭാര്യയെ തലാക്ക് ചൊല്ലുമെന്നും അബൂബക്കർ  ഭീഷണി മുഴക്കി. ഇതേതുടർന്ന് പ്രസവം നടന്ന ആശുപത്രിയിലെ നഴ്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.

click me!