
പാലക്കാട്: അട്ടപ്പാടി മധു കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ വിചാരണ കോടതി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടര്‍ന്ന് കേസിലെ പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകൻ നടത്തിയ പരാമര്‍ശങ്ങൾ കോടതി എടുത്തു പറഞ്ഞത്.
പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ വിചരണ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികളുടെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതായി കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ജഡ്ജിയുടെ പടം ഉൾപ്പെടെ വാർത്തകൾ വരുമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞതായി ഉത്തരവിൽ പരാമർശമുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അട്ടപ്പാടി മധുവധക്കേസിലെ പന്ത്രണ്ട് പ്രതികളുടേയും ജാമ്യം റദ്ദാക്കി മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്.
മരക്കാർ, ഷംസുദ്ധീൻ,അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധീഖ്, നജീബ്, ജൈജുമോൻ, അബ്ദുൽ കരീം, സജീവ്, ബിജു, മുനീർ എന്നീ പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ അഭിഭാഷകൻ രാജേഷ് എം മേനോൻ ഇന്ന് കോടതിയിൽ ഹാജരാക്കി.
കേസിലെ 12 പ്രതികളിൽ അനീഷ്, സിദീഖ്, ബിജു എന്നിവർ മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരായത്. മറ്റു 9 പ്രതികൾക്കും എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിധിയിൽ സന്തോഷവും ആശ്വാസവുമുണ്ടെന്ന് മധുവിന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൻ്റെ വിചാരണയ്ക്കിടെ ഇതുവരെ വിസ്തരിച്ച 16 സാക്ഷികളിൽ 13 പേരും കുറൂമുറിയിരുന്നു. പ്രധാന പ്രതികളുടെ ജാമ്യം റദ്ദാക്കിയതോടെ വരും ദിവസഒളിൽ സാക്ഷികളുടെ കൂറുമാറ്റം വലിയൊരളവിൽ കുറയുമെന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam