
കൊച്ചി: സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പടെ ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം. ഇഡിക്ക് പോലും കേരളത്തിൽ സുരക്ഷയില്ലെന്നും സ്വപ്നയുടെ ആവശ്യത്തിൽ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ സ്വപ്ന ഹർജി നൽകിയത്. എംആർ അജിത്ത് കുമാർ പരാതി പിൻവലിപ്പിക്കാൻ ഏജന്‍റിനെ പോലെ പ്രവർത്തിച്ചുവെന്നും ഹർജിയിൽ പറയുന്നു. ഇപ്പോൾ ചുറ്റുമുള്ള പൊലീസ് തന്നെ നിരീക്ഷിക്കാനാണെന്നും ഇവരെ പിൻവലിക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു. ഇഡിക്ക് പോലും കേരളത്തിൽ സുരക്ഷയില്ലെന്നും സ്വപ്നയുടെ പ്രത്യേക സുരക്ഷയിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് ഇഡി അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
അതിനിടെ, സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ സ്വന്തം നിലയില്‍ സ്വപ്‍ന സുരേഷ് ബോഡി ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയോഗിച്ചത്. ഇവർ മുഴുവൻ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും.
Also Read: വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു; 'ഗൂഢാലോചന വാദം' തള്ളി കോടിയേരി ബാലകൃഷ്ണന്‍
സ്വർണക്കടത്ത് കേസിൽ സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്
സ്വര്‍ണക്കടത്ത് കേസിൽ കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. തുടര്‍ സമര പരിപാടികൾ ചര്‍ച്ച ചെയ്യാൻ യുഡിഎഫ് ഏകോപന സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. വൈകീട്ട് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക.
സ്വപ്ന സുരേഷ്, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സത്യവാങ്മൂലത്തിലെ വിവരങ്ങൾ കൂടി പുറത്ത് വന്നതോടെ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നുമുള്ള നിലപാടിലാണ് യുഡിഎഫ് നേതാക്കൾ. പ്രതിപക്ഷ പ്രതിഷേധങ്ങൾ അടിച്ചമര്‍ത്തി നാട്ടിൽ കലാപമുണ്ടാക്കാനും അതുവഴി ആരോപണങ്ങൾക്ക് മറയിടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം യോഗത്തിലുണ്ടാകും. ലോക കേരള സഭയിൽ പങ്കെടുക്കണോ എന്ന കാര്യത്തിലും യുഡിഎഫ് യോഗത്തിന് ശേഷം അന്തിമ തീരുമാനം എന്ന നിലപാടിലാണ് കോൺഗ്രസ്.