വിമാനത്തിലെ പ്രതിഷേധത്തിന് പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടെന്നും പ്രതിഷേധിക്കാന്‍ മൂന്നു പേര്‍ കയറിയ കാര്യം മാധ്യമങ്ങള്‍ മറച്ചുവച്ചെന്നുമുളള ആരോപണം സിപിഎം കേന്ദ്രങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഈ വാദങ്ങളെയെല്ലാം തളളുന്ന കോടിയേരിയുടെ പ്രസ്തവന പുറത്ത് വരുന്നത്. 

കോഴിക്കോട്: പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിഞ്ഞിരുന്നായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറ‍ഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്കകം കോഴിക്കോട് പുറമേരിയില്‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശം. 

വിമാനത്തിലെ പ്രതിഷേധത്തിന് പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടെന്നും പ്രതിഷേധിക്കാന്‍ മൂന്നു പേര്‍ കയറിയ കാര്യം മാധ്യമങ്ങള്‍ മറച്ചുവച്ചെന്നുമുളള ആരോപണം സിപിഎം കേന്ദ്രങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഈ വാദങ്ങളെയെല്ലാം തളളുന്ന കോടിയേരിയുടെ പ്രസ്തവന പുറത്ത് വരുന്നത്. പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുമെന്ന കാര്യം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു. ഇവരെ തടയാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അത് വേണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചതെന്നും കോടിയേരി പറയുന്നു. 

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിൽകുമാര്‍ വലിയതുറ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങളെയും കോടിയേരിയുടെ വാക്കുകള്‍ ഖണ്ഡിക്കുന്നു. കൊല്ലുമെന്ന് ആക്രോശിച്ച് മുഖ്യമന്ത്രിക്ക് നേരെ മൂന്ന് പേര്‍ പാഞ്ഞടുത്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി വിമാനത്തില്‍ നിന്നിറങ്ങിയ ശേഷമാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതെന്ന് കോടിയേരി പറയുന്നു. 

സംഭവ ശേഷം ഇപി ജയരാജനും ഇതേ കാര്യം തന്നെയായിരുന്നു പറഞ്ഞതെങ്കിലും പിന്നീട് വിവാദവും പ്രതിഷേധവും കത്തിപ്പടര്‍ന്നതോടെ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചെന്ന രീതിയില്‍ ജയരാജന്‍ നിലപാട് മാറ്റുകയായിരുന്നു.