കെകെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതിചേർക്കാൻ കോടതി നിർദ്ദേശം

By Web TeamFirst Published Nov 30, 2022, 2:05 PM IST
Highlights

തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്

ആലപ്പുഴ: എസ്എൻഡി ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി.

കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതിരോധിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ  ആവശ്യം.2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെകെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.

മരിക്കുന്നതിനു തൊട്ട് മുൻപ് മഹേശൻ എഴുതിയ കുറിപ്പുകളിൽ  വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ പേരുകൾ കൃത്യമായി പറഞ്ഞിരുന്നു. ഐജി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കേസ് അന്വേഷണം ഏൽപ്പിച്ചെങ്കിലും ആരോപണവിധേയരെ ചോദ്യം ചെയ്യാൻ പോലും തയ്യാറായില്ല. കേസ് ഇല്ലാതാക്കാൻ ലോക്കൽ പൊലീസ് ശ്രമിക്കുന്നുവെന്നും മാരാരിക്കുളം സ്റ്റേഷനിലെ പൊലീസുകാർ മഹേശനെ കള്ളനാക്കാൻ നടക്കുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു.

മൈക്രോഫിനാൻസ് പദ്ധതിയുടെ സംസ്ഥാന കോഓർഡിനേറ്റർ ആയിരുന്നു കെകെ മഹേശൻ. വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്നു. മരിക്കും മുൻപ് കത്തുകളും ഡയറിക്കുറിപ്പുകളും ഉൾപ്പെടെ നിർണ്ണായക വെളിപ്പെടുത്തലുകൾ മഹേശൻ നടത്തിയിരുന്നു. ശാശ്വതീകാനന്ദയുടെ മരണം മുതൽ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് വരെയുള്ള വെളിപ്പെടുത്തലുകൾ ഇതിലുണ്ട്. വെള്ളാപ്പള്ളി നടേശൻ, സഹായി അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇതിൽ എഴുതിയിരുന്നത്. കേസുകളിൽ പെടുത്തി ജയിലിലടക്കും മുൻപ് വിടപറയുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ഈ തുറന്നു പറച്ചിലുകൾ മുൻനിർത്തി വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാപ്രേരണ ഉൾപ്പെടെ ചുമത്തി കേസ് എടുക്കണമെന്ന ആവശ്യവുമായാണ് മഹേശന്‍റെ കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങിയത്.

click me!