
തിരുവനന്തപുരം:'അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.ആ പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണം. മാത്രമല്ല, കേരളത്തിന്‍റെ മതേതര മനസ്സിനെ മുറിവേല്‍പ്പിച്ച അത്തരമൊരു പരാമര്‍ശത്തോടുള്ള നിലപാട് വ്യക്തമാക്കാന്‍ വിഴിഞ്ഞം സമരത്തിനു നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നേതൃത്വം തയാറാവുകയും വേണം.
നവംബര്‍ 29നു (ഇന്നലെ) നടത്തിയ ഗുരുതര വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും ഇതുവരെ അതു പിന്‍വലിക്കാനോ, മാപ്പുപറയാനോ അദ്ദേഹം തയാറായിട്ടില്ല. സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരേ, അദ്ദേഹത്തിന്റെ പേരും മതവും ഉന്നംവച്ച് ഫാ. ഡിക്രൂസ് നടത്തിയ പരാമര്‍ശം സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതു കണക്കിലെടുത്ത് അദ്ദേഹത്തിനെതിരേ കേസെടുക്കാനും അറസ്റ്റു ചെയ്യാനും പൊലീസ് തയാറാകണം. രാജ്യത്തിന്റെ മതേതര ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള എല്ലാവരും എല്ലാത്തരം വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കേണ്ട സമയമാണ്. എന്നാല്‍ രാജ്യത്തെ രണ്ടു പ്രബല ന്യൂനപക്ഷ സമുദായങ്ങളെ തമ്മില്‍ അകറ്റാനും അതില്‍ നിന്നു വര്‍ഗ്ഗീയമായി മുതലെടുക്കാനുമുള്ള ഗൂഢശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ നിരന്തരം നടത്തുന്നുണ്ട്. അതിനു ശക്തി പകരുന്നതാണ് ഫാ. ഡിക്രൂസിന്റെ പരാമര്‍ശം.
പേരില്‍ത്തന്നെ തീവ്രവാദിയുണ്ട് എന്ന കാഴ്ചപ്പാടിന്റെ ദൂരവ്യാപക പ്രത്യാഘാതം തിരിച്ചറിയാതിരിക്കാന്‍ കഴിയില്ല. തുടര്‍ന്നും ഇത്തരത്തിലുള്ള വെറുപ്പിന്റെ വര്‍ത്തമാനം പറയാന്‍ ആര്‍ക്കും ഇതൊരു പ്രചോദനമാകാതിരിക്കണമെങ്കില്‍ തിരുത്തലും നിയമനടപടിയും ആവശ്യമാണ്. ഫാ. ഡിക്രൂസിന്റെ പരാമര്‍ശത്തോട് വൈകാരികമായി പ്രതികരിക്കാനോ അതേ ശൈലിയില്‍ മറുപടി പറയാനോ തയാറാകാത്ത മുസ്‌ലിം സമുദായത്തിന്റെയും സഹോദരസമുദായങ്ങളുടെയും പൊതുസമൂഹത്തിന്റെയും ജാഗ്രതയെ അഭിനന്ദിക്കുന്നു. അതേസമയം, ആ പരാമര്‍ശത്തിലെ വിഷംനിറഞ്ഞ ഉള്ളടക്കത്തെ അപലപിച്ചു സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ മതേതര പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നുവെന്നും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam