P C George : മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ്; പി സി ജോർജിന് മുൻകൂർ ജാമ്യം

By Web TeamFirst Published Jul 19, 2022, 11:55 AM IST
Highlights

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ 24 മണിക്കൂറിനകം സ്റ്റേഷൻ ജാമ്യം നൽകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ 24 മണിക്കൂറിനകം സ്റ്റേഷൻ ജാമ്യം നൽകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീൽ നൽകിയ പരാതിയിലാണ് സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ പി സി ജോർജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ലൈൻ ചാനലിന് അഭിമുഖം നൽകാൻ പി സി ജോർജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാർ കേസിലെ പ്രതിയായ സരിത മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്നതായാണ് സരിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തുന്നത്.

പി സി ജോര്‍ജ് സമ്മർദ്ദം ചെലുത്തിയെന്ന് സരിത

പി സി ജോർജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ട്. എന്നാൽ സ്വപ്നയുടെ കയ്യിൽ തെളിവുകളിലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെടെന്നാണ് സരിത നൽകിയ മൊഴി. ജോർജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ ജോർജിന്‍റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോർജുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പും അന്വേഷണ സംഘത്തിന് സരിത കൈമാറിയിട്ടുണ്ട്.

Also Read:  'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോര്‍ജിന്‍റെ സമ്മര്‍ദ്ദം': മൊഴി നല്‍കി സരിത

click me!