ബിജെപി ഓഫീസ് ആക്രമണം:'കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളിയത് സര്‍ക്കാരിന് തിരിച്ചടി':കെ സുരേന്ദ്രന്‍

By Web TeamFirst Published Jun 30, 2022, 3:53 PM IST
Highlights

കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ വാദം  കോടതി തള്ളിയത് നീതിന്യായ വ്യവസ്ഥയുടെ വിജയമാണ്.അധികാരത്തിന്റെ ഹുങ്കിൽ എന്തും ആകാമെന്ന കമ്മ്യൂണിസ്റ്റുകാരുടെ ഫാസിസത്തിനേറ്റ പ്രഹരമാണ് ഈ കോടതി വിധി.
 

തിരുവനന്തപുരം;ബിജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിയത് ഇടതുപക്ഷ സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയ പാർട്ടിയുടെ സംസ്ഥാന കാര്യാലയം ആക്രമിച്ച് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷനെ വധിക്കാൻ ശ്രമിച്ച കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ വാദം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത് നീതിന്യായ വ്യവസ്ഥയുടെ വിജയമാണ്. കൃത്യമായ തെളിവുകളും  സിസിടിടി ദൃശ്യങ്ങളുമുള്ള കേസ് പിൻവലിക്കാൻ സർക്കാർ ശ്രമിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അധികാരത്തിന്റെ ഹുങ്കിൽ എന്തും ആകാമെന്ന കമ്മ്യൂണിസ്റ്റുകാരുടെ ഫാസിസത്തിനേറ്റ പ്രഹരമാണ് ഈ കോടതി വിധി.

കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ ഉണ്ട്. ഇത്തരം കേസുകൾ പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കളാണ് കേസിലെ പ്രതികൾ. ഇവരെ രക്ഷപ്പെടുത്താനുള്ള വഴിവിട്ട നീക്കമാണ് സംസ്ഥാന സർക്കാർ നടത്തിയത്. പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കും വരെ ബിജെപി നിയമപോരാട്ടം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാനാകില്ല ,രാഷ്ട്രീയ പ്രേരിതമെന്ന സര്‍ക്കാര്‍ നിലപാട് കോടതി തള്ളി

കേസ് രാഷ്ട്രിയ പ്രേരിതം മാത്രമാണ് നിയമപരമായി നിലനിക്കുകയില്ല എന്നായിരുന്നു സർക്കാർ വാദം. ഇടതു നേതാക്കളെ സഹായിക്കുവാൻ വേണ്ടി സർക്കാർ നൽകിയ സഹായമാണ് കേസ് പിൻവലിക്കാനുള്ള ഹർജി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പരാതിക്കാരന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് കേസുമായിമുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയത്.2017 ജൂലായ് 28നാണ് ബി.ജെ.പി ഓഫീസ് ആക്രമിക്കപ്പെട്ടത്‌.മുൻ കോർപ്പറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി.ബിനു,ഡി.വൈ.എഫ്.ഐ സംസഥാന കമ്മറ്റി അംഗം  പ്രിജിൽ സാജ് കൃഷ്ണ,ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ.

കേസിലെ പരാതിക്കാരൻ ബിജെപി ഭാരവാഹിയും, പ്രതികൾ ഡി.വൈ.എഫ്.ഐ അംഗങ്ങളുമാണ്. പൊതുസ്ഥലത്ത് അരങ്ങേറിയ ഈ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികൾ ആരുമില്ല എഫ്ഐആറിൽ ഒരു പ്രതിയെ കുറിച്ചും പ്രത്യേകം പറയുന്നില്ല. പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴിയിൽ അഞ്ചു പേർ ഉണ്ടായിരുന്നു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ ഏഴു പ്രതികൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ നാലു പ്രതികൾ മാത്രാണുള്ളത്. സംഭവം സ്ഥലത്തെ ദൃശ്യങ്ങൾ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങൾക്ക് തെളിവ് നിയമത്തിലെ 65 (ബി) സർട്ടിഫിക്കറ്റ് ഇല്ലാ എന്നീ കാരണങ്ങളാണ് കേസ് പിൻവലിക്കുന്ന അപേക്ഷയിൽ സർക്കാർ അഭിഭാഷകൻ പറയുന്ന കാരണങ്ങൾ.എന്നാൽ കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ ഉണ്ടെന്നും.ഇത്തരം കേസുകൾ പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും എതി‍ര്‍ഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കുള്ളിലാണ്  ബി.ജെ.പി ഓഫീസ് ആക്രമിക്കപ്പെട്ടത്. ബി.ജെ.പി.മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ്റെ അടക്കം ആറ് കാറുകളും,ഓഫിസ് ചില്ലുകളും  എറിഞ്ഞ് തകർത്തതായും. സുരക്ഷാ ഉദ്യോഗസ്ഥത്തരെ ചീത്ത വിളിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടയുവാൻ ശ്രമിച്ച മ്യൂസിയം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർക്ക് പോലീസ് അന്ന് പാരിതോഷികം നൽകിയിരുന്നു.

click me!