100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ വിജിലൻസ് പരിശോധന; ബാങ്ക് പ്രസിഡന്‍റിന്‍റെ മൊഴിയെടുത്തു

By Web TeamFirst Published Jun 30, 2022, 3:45 PM IST
Highlights

മെയിൻ ബ്രാഞ്ചായ തൂങ്ങാംപാറയിൽ ആയിരുന്നു വിജിലൻസ് സംഘത്തിന്‍റെ പരിശോധന. മറ്റ് ബ്രാഞ്ചുകളിലെ ജീവനക്കാരെ വിജിലൻസ് സംഘം വിളിച്ചുവരുത്തി. ബാങ്ക് പ്രസിഡന്‍റ് എൻ ഭാസുരാംഗന്‍റെ മൊഴിയെടുത്തു.

തിരുവനന്തപുരം: സഹകരണ വകുപ്പ് അന്വേഷണത്തില്‍ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന. മെയിൻ ബ്രാഞ്ചായ തൂങ്ങാംപാറയിൽ ആയിരുന്നു വിജിലൻസ് സംഘത്തിന്‍റെ പരിശോധന. മറ്റ് മൂന്ന് ബ്രാഞ്ചുകളിലെ ജീവനക്കാരെ വിജിലൻസ് സംഘം ഹെഡ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. ബാങ്ക് പ്രസിഡന്‍റ് എൻ ഭാസുരാംഗന്‍റെ മൊഴിയെടുത്തു. കമ്പ്യൂട്ടറും മറ്റ് രേഖകളും വിജിലൻസ് പരിശോധിച്ചു. വിജിലൻസ് തിരുവനന്തപുരം യൂണിറ്റാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന മൂന്ന് മണി വരെ നീണ്ടു. 

രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കണ്ടല സര്‍വീസ് സഹകരണ ബാങ്കിന്‍റെ തൂങ്ങാംപാറയിലെ ഹെഡ് ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് മറ്റ് മൂന്ന് ബ്രാഞ്ചുകളിലെ ജീവനക്കാരെയും ഇവിടേക്ക് വിളിച്ചുവരുത്തി. ബാങ്കിന്‍റെ കമ്പ്യൂട്ടറുകളും രേഖകളും പരിശോധിച്ച വിജിലന്‍സ് സംഘം ബാങ്ക് പ്രസിഡ‍ന്‍റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗനില്‍ നിന്നും ബാങ്ക് സെക്രട്ടറിയില്‍ നിന്നും മൊഴിയെടുത്തു. സഹകരണ വകുപ്പ് 65 അന്വേഷണ റിപ്പോര്‍ട്ടില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാരും നടപടി തുടങ്ങിയതിന്‍റെ പിന്നാലെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

സഹകരണ വകുപ്പ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ നടത്തിയ 65 അന്വേഷണത്തില്‍ 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ധൂര്‍ത്തും ക്രമക്കേടും അനധികൃത നിയമനങ്ങളും ചട്ടം ലംഘിച്ചുള്ള വായ്പകളും അടക്കം ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്‍ ഭാസുരാംഗന്‍ തന്നെ പ്രസിഡന്‍റായ മാറനെല്ലൂര്‍ ക്ഷീര സംഘത്തിന്‍റെ ഫാക്ടറി അടക്കം കടം കയറി അടച്ചുപൂട്ടിയതും കണ്ടല ബാങ്കില്‍ നടന്ന ക്രമക്കേടുകളും ഏഷ്യാനെറ്റ്ന്യൂസ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി പേർക്ക് ബാങ്കില്‍ അനധികൃമായി നിയമനം നൽകിയതായും കണ്ടെത്തിയിരുന്നു. 25 കൊല്ലമായി പ്രസിഡന്‍റായി തുടരുന്ന ഭാസുരാംഗന്‍റെ അടുത്ത ബന്ധുക്കളും നിയമനം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. 15 വര്‍ഷത്തിനിടെ 22 കോടി രൂപ ജീവനക്കാര്‍ക്ക് അനര്‍ഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാന്‍ വിനിയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Also Read: 'കരുവന്നൂർ മോഡൽ' കണ്ടല ബാങ്ക്; സിപിഐ നേതാവ് പ്രസിഡണ്ട്, നടന്നത് 101 കോടിയുടെ തട്ടിപ്പ്; കണ്ണടച്ച് സഹകരണവകുപ്പ്

സിപിഐ നേതാവായ ഭാസുരാംഗന്‍ പ്രസിഡന്‍റായ കണ്ടല സഹകരണ ബാങ്കിലും കണ്ടല സഹകരണ ആശുപത്രിയിലുമായി നിരവധി അനധികൃത നിയമനങ്ങളാണ് സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സഹകരണ ബാങ്കില്‍ മാത്രം രണ്ട് സ്ഥിര നിയമനം അടക്കം 31 പേരെയാണ് നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചത്. കണ്ടല സഹകരണ ആശുപത്രിയില്‍ തസ്തികയ്ക്ക് അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ നിയമനം നടന്നു കഴിഞ്ഞു. താല്‍ക്കാലികക്കാര്‍ അടക്കം 45 പേരെയാണ് കണ്ടല സഹകരണ ആശുപത്രിയില്‍ അനധികൃതമായി നിയമിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നെ പ്രൊമോഷനും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടയില്‍ പ്രസിഡണ്ട് ഭാസുരാംഗന്‍റെ ജ്യേഷഠന്‍റെ മകന്‍ അഖിലേഷും അഖിലേഷിന്‍റെ ജ്യേഷഠന്‍റെ ഭാര്യയും ഭാസുരാംഗന്‍റെ അളിയന്‍റെ ഭാര്യയും നിയമനം നേടി. സമീപകാലത്ത് സെക്രട്ടറിയായി വിരമിച്ച രണ്ട് പേരുടെയും മക്കള്‍ക്കും ബാങ്കില്‍ ജോലിയുണ്ട്. എന്നാല്‍ നിയമനത്തിനായി രജിസ്ട്രാര്‍ക്ക് അപേക്ഷിച്ചാല്‍ അനുമതി കിട്ടാത്തത് കൊണ്ടാണ് നിയമിക്കേണ്ടി വന്നതെന്ന വിചിത്ര വാദമാണ് ഭാസുരാംഗന്‍ മുന്നോട്ട് വെക്കുന്നത്.

Also Read: കണ്ടല ബാങ്കില്‍ വായ്പാ തട്ടിപ്പും: വായ്പ എടുക്കാത്തവര്‍ക്ക് പോലും കുടിശ്ശിക അടയ്ക്കാന്‍ നോട്ടീസ്

വര്‍ഷങ്ങളായി ബാങ്ക് റീ ക്ലാസിഫൈ ചെയ്യാത്ത് കൊണ്ട് ഇപ്പോഴും ക്ലാസ് ഒന്നായാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ബാങ്ക് ക്ലാസ് അഞ്ചില്‍ ആവേണ്ടതാണ്. പക്ഷേ ക്ലാസ് ഒന്നിലുള്ള കൂടിയ ശമ്പളമാണ് ജീവനക്കാര്‍ക്ക് കൊടുത്തുവരുന്നത്. ഇങ്ങനെ കൊടുക്കുന്ന ശമ്പളവും ചട്ടം ലംഘിച്ച് നിയമിച്ചവര്‍ക്കും അടക്കം ഇതുവരെ 22 കോടി രൂപ അധികമായി ശമ്പളയിനത്തില്‍ ബാങ്കിന് കൊടുക്കേണ്ടി വന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

click me!