Vismaya Case : ഐപിസി 306, 304 (B), 498 (A), ഒപ്പം സ്ത്രീധന പീഡനവും; വിസ്മയ കേസിൽ കിരണിന് ഇന്ന് ശിക്ഷാ വിധി

Published : May 24, 2022, 12:29 AM IST
Vismaya Case : ഐപിസി 306, 304 (B), 498 (A), ഒപ്പം സ്ത്രീധന പീഡനവും; വിസ്മയ കേസിൽ കിരണിന് ഇന്ന് ശിക്ഷാ വിധി

Synopsis

ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ (Vismaya Case) സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള (Kiran Kumar) ശിക്ഷ  കോടതി ഇന്ന് വിധിക്കും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. ഉച്ചയോടെ കോടതി വിധി പ്രഖ്യാപിക്കാനാണ് സാധ്യത. കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ആവശ്യമാകും പ്രോസിക്യൂഷന്‍ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു നല്‍കണമെന്നാകും പ്രതിഭാഗത്തിന്‍റെ വാദം.

സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന്   അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

'മകള്‍ക്ക് നീതി കിട്ടി, പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷ'; വിതുമ്പി വിസ്‍മയയുടെ അമ്മ

പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.  ടിവിയിലൂടെയാണ് വിധി വിവരം വിസ്‍മയയുടെ അമ്മ സജിത അറിഞ്ഞത്. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന  ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.ർ

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ ഇന്നലെ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഭർതൃവീട്ടില്‍ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛൻ ത്രിവിക്രമൻ നായരുമായി നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ സുപ്രധാന തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.

കോടതി വിധി ആശ്വാസകരമെന്ന് മന്ത്രി വീണ ജോർജ്

കേരളത്തിലെ രാഷ്ട്രീയ സാസ്കാരിക രംഗത്തെ പല പ്രമുഖരും ഇന്നലെ വിധി സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന കോടതിയുടെ കണ്ടെത്തൽ ആശ്വാസകരമെന്നാണ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്. സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

വിസ്മയ കേസ്: തുല്യതയെ കുറിച്ച് ബോധവത്കരിക്കണം, ചിലർ സ്ത്രീകളെ ഇപ്പോഴും അകറ്റി നിർത്തുന്നു: ഗവർണർ

വിസ്മയ കേസിൽ പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ട കാര്യമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം. ഇത്തരമൊരു സാഹചര്യം ഉണ്ടായത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. കേരളീയ സമൂഹത്തിൽ തുല്യതയെ കുറിച്ചുള്ള ബോധവത്കരണം ഏറ്റവും പ്രധാനമാണ്. സ്ത്രീകൾ തുല്യ പ്രാധാന്യമുള്ളവരാണെന്നും ഗവർണർ പറഞ്ഞു.

സ്ത്രീധന മോഹികൾക്കുള്ള ശക്തമായ താക്കീതാകും വിസ്മയ കേസിലെ കോടതിവിധി: പ്രതീക്ഷ പങ്കുവച്ച് വനിതാ കമ്മിഷന്‍

അതേസമയം സ്ത്രീധനം ആഗ്രഹിച്ചുകൊണ്ടുനടക്കുന്ന വിവാഹങ്ങള്‍ക്കും അതുപോലെ സ്ത്രീധനം ചോദിച്ചുവാങ്ങുന്ന ആളുകള്‍ക്കുമെതിരേ ശക്തമായ താക്കീതായിമാറും വിസ്മയ കേസിലെ കോടതിവിധി എന്ന് പ്രതീക്ഷിക്കുകയാണെന്നാണ് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞത്. കേരളീയ സമൂഹം ആഗ്രഹിച്ചതരത്തിലുള്ള ഒരു വിധിതന്നെയാകും വിസ്മയാ കേസില്‍ കോടതി പുറപ്പെടുവിക്കുകയെന്നും സതീദേവി പ്രത്യാശ പ്രകടിപ്പിച്ചു.

കിരൺ കുമാറിനെ പിരിച്ചുവിട്ടതോടെ കണ്ണുതുറന്നു; മോട്ടോര്‍ വാഹന വകുപ്പിൽ പീഡന പരാതി കുറഞ്ഞെന്ന് ആന്റണി രാജു

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം