Asianet News MalayalamAsianet News Malayalam

വിസ്മയ കേസ്: തുല്യതയെ കുറിച്ച് ബോധവത്കരിക്കണം, ചിലർ സ്ത്രീകളെ ഇപ്പോഴും അകറ്റി നിർത്തുന്നു: ഗവർണർ

നിലമേൽ സ്വദേശിനി വിസ്മയ (Vismaya Case) സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ (Kiran Kumar) കുറ്റക്കാരനെന്ന് കോടതി ഇന്ന് വിധി പ്രസ്താവിച്ചിരുന്നു

Vismaya Case Governor Arif Muhammed Khan says equality campaign necessary
Author
Thiruvananthapuram, First Published May 23, 2022, 5:22 PM IST

തിരുവനന്തപുരം: വിസ്മയ കേസിൽ പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ട കാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരമൊരു സാഹചര്യം ഉണ്ടായത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. കേരളീയ സമൂഹത്തിൽ തുല്യതയെ കുറിച്ചുള്ള ബോധവത്കരണം ഏറ്റവും പ്രധാനമാണ്. സ്ത്രീകൾ തുല്യ പ്രാധാന്യമുള്ളവരാണെന്നും ഗവർണർ പറഞ്ഞു.

സ്ത്രീകൾ പാർശ്വവത്കരിക്കപ്പെട്ടാൽ അത് സമൂഹത്തെ ബാധിക്കും. സമസ്ത നേതാവിന്റെ ഇടപെടൽ ഓർമ്മിപ്പിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. അവാർഡ് സ്വീകരിക്കാൻ വന്ന പെൺകുട്ടി പ്രാഗൽഭ്യം തെളിയിച്ചതാണോ ചെയ്ത കുറ്റമെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോഴും ചിലർ സ്ത്രീകളെ അകറ്റി നിർത്താൻ ശ്രമിക്കുന്നു. സ്ത്രീകൾ കൂടുതൽ തുല്യത അർഹിക്കുന്നുവെന്നത് സത്യമാണ്. ബോധവത്കരണം ഇനിയും തുടരണം. ഒരു കേസിലെ നടപടി മാത്രം പോരെന്നും ഗവർണർ പറഞ്ഞു.

നിലമേൽ സ്വദേശിനി വിസ്മയ (Vismaya Case) സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ (Kiran Kumar) കുറ്റക്കാരനെന്ന് കോടതി ഇന്ന് വിധി പ്രസ്താവിച്ചിരുന്നു. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ്  കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.  കിരൺ കുമാറിനെതിരെ പൊലീസ്  ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞു.

ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന്   അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios