
കൊച്ചി: കൊവിഡ് ബാധയുടെ ആശങ്ക കാരണം കഴിഞ്ഞ ഒരു മാസമായി നിശ്ചലമായ കോടതികളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ വീണ്ടും ആരംഭിക്കും. എന്നാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞ് കിടക്കുമെന്നും ഹൈക്കോടതി ഇറക്കിയ സർക്കുലറിൽ പറയുന്നു. വീഡിയോ കോൺഫറൻസിങ് മുഖേനയാവും കേസുകൾ പരിഗണിക്കുന്നത്. കോടതിയിൽ എത്തുന്ന കക്ഷികളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകും.
ഗ്രീൻ, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള കോടതികളുടെ പ്രവർത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ ആരംഭിക്കുക.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ കോടതികൾ ഇതിൽ ഉൾപ്പെടും. എന്നാൽ എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും.
സുപ്രീംകോടതിയുടെയും സംസ്ഥാന സർക്കാറിൻ്റെയും മാർഗരേഖകൾ അനുസരിച്ചാണ് കോടതികളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും ഹൈക്കോടതി സർക്കുലറിലൂടെ അറിയിച്ചു. പ്രവർത്തനം ആരംഭിക്കുന്ന കോടതികളിൽ 33% ജീവനക്കാർ ഹാജരാകണം. കോടതികളിൽ വെക്കേഷൻ സമയം ആയതുകൊണ്ട് തന്നെ അടഞ്ഞ് കിടന്ന സമയങ്ങളിലെ കെട്ടി കിടക്കുന്ന ജോലികൾ ചെയ്ത് തീർക്കണമെന്നും സർക്കുലറിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam