കൊച്ചി: കേരളം വില കൊടുത്ത് വാങ്ങിയ കൊവാക്സീൻ ഡോസുകൾ സംസ്ഥാനത്ത് എത്തി. 1,37,580 ഡോസുകളാണ് എത്തിയത്. ആരോഗ്യവകുപ്പിന് കൈമാറിയ ശേഷം വിതരണത്തിനായി ഡോസുകൾ ജില്ലകളിലേക്ക് എത്തിക്കും.
25 ലക്ഷം ഡോസ് വാക്സീനാണ് കേരളം ഭാരത് ബയോടെക്കിന് ഓർഡർ നൽകിയിരിക്കുന്നത്. ഇനി ബാക്കി ഡോസേജുകൾ എത്താൻ വൈകിയേക്കുമെന്നാണ് ബെംഗളുരു ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. നിർമാതാക്കളായ ഭാരത് ബയോടെക് നേരിട്ട് വാക്സീന്‍ വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലും കേരളമില്ല. അതേസമയം ചില സംസ്ഥാനങ്ങൾ തങ്ങൾക്കെതിരെ അടിസ്ഥാനമില്ലാത്ത പരാതി ഉന്നയിക്കുന്നതില്‍ ഭാരത് ബയോടെക് അതൃപ്തി അറിയിച്ചു.
ഭാരത് ബയോടെക് വാക്സീന്‍ നേരിട്ട് വിതരണം ചെയ്യുന്ന 18 സംസ്ഥാനങ്ങളുടെ ഏറ്റവും പുതിയ പട്ടികയാണ് പുറത്തുവിട്ടത്. കർണാടകവും തമിഴ്നാടുമുൾപ്പടെ ഇതിനോടകം കോവാക്സിന്‍ നേരിട്ട് സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ലഭ്യത അനുസരിച്ച് വരും ദിവസങ്ങളില്‍ അപേക്ഷിച്ച സംസ്ഥാനങ്ങൾക്ക് വാക്സീന്‍ നല്‍കുമെന്നാണ് ഭാരത് ബയോടെക് അധികൃതർ പറയുന്നത്.
അതേസമയം വാക്സീന്‍ വിതരണവുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങൾ തങ്ങൾക്കെതിരെ പരാതിയുന്നയിക്കുന്നതില്‍ അധികൃതർ അതൃപ്തി രേഖപ്പെടുത്തി. തങ്ങളുടെ ലക്ഷ്യത്തെ കുറിച്ചറിയാതെയുള്ള പരാതികൾ ഹൃദയഭേദകമാണ്. അന്‍പതോളം ജീവനക്കാർ നിലവില്‍ കൊവിഡ് ബാധിച്ച് അവധിയിലാണെന്നും ഭാരത് ബയോടെക് സഹസ്ഥാപക സുചിത്ര എല്ല ട്വിറ്ററില്‍ കുറിച്ചു.
ഇതിനിടെ കോവാക്സിന്‍ നിർമാണ ടെക്നോളജി നിർമിക്കാന്‍ സംവിധാനമുള്ളവർക്ക് കൈമാറി വാക്സീന്‍ വിതരണം വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam