'കാസർകോടിനായി ഓക്സിജൻ സിലിണ്ടർ ചലഞ്ച്'; സിലിണ്ടറുകള്‍ സംഭാവന ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് കളക്ടര്‍

By Web TeamFirst Published May 12, 2021, 3:52 PM IST
Highlights

മുൻകരുതൽ എന്ന നിലയിലാണ് അഭ്യർത്ഥനയെന്നാണ് കളക്ടർ ഡി സജിത് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ജില്ലയിലെ ഓക്സിജൻ ക്ഷാമത്തിന്‍റെ ഗുരതരാവസ്ഥ വെളിപ്പെടുത്തുന്നതാണ് കളക്ടറുടെ അഭ്യർത്ഥനയെന്നാണ് പൊതുവിലയിരുത്തൽ.

കാസര്‍കോട്: ഓക്സിജൻ ക്ഷാമം നേരിടുന്ന കാസർകോട് പൊതുജനങ്ങളോടും സന്നദ്ധപ്രവർത്തകരോടും ഓക്സിജൻ സിലിണ്ടറുകൾ സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ. മുൻകരുതൽ എന്ന നിലയിലാണ് അഭ്യർത്ഥനയെന്നാണ് കളക്ടർ ഡി സജിത് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ജില്ലയിലെ ഓക്സിജൻ ക്ഷാമത്തിന്‍റെ ഗുരതരാവസ്ഥ വെളിപ്പെടുത്തുന്നതാണ് കളക്ടറുടെ അഭ്യർത്ഥനയെന്നാണ് പൊതുവിലയിരുത്തൽ.

കാസർകോടിനായി ഓക്സിജൻ സിലിണ്ടർ ചലഞ്ച് എന്ന തലക്കെട്ടിലാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. പൊതുസ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്സിജൻ ക്ഷാമത്തിനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് സിലിണ്ടറുകൾ അഭ്യർത്ഥിക്കുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.  ജില്ലാ ഭരണകൂടത്തിന്‍റേയും ജില്ലാ ആരോഗ്യവകുപ്പിന്‍റേയും നിസ്സഹായാവസ്ഥ വെളിവാക്കുന്നതാണ് അഭ്യർത്ഥനയെന്നാണ് പൊതുവിലയിരുത്തൽ. 

ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഇപ്പോഴും തുടരുകയാണ്. സമയത്ത് ഓക്സിജൻ സിലിണ്ടറുകൾ കിട്ടാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ആശുപത്രി മാറ്റേണ്ട സാഹചര്യം കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. മംഗളൂരുവിൽ നിന്നും ഓക്സിജൻ സിലിണ്ടറുകളുടെ വരവ് നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പൊതുസ്വകാര്യ ആശുപത്രികൾക്കായി ദിവസം കുറഞ്ഞത് 300 ഓക്സിജൻ സിലിണ്ടറുകൾ ജില്ലയ്ക്കാവശ്യമുണ്ട്. 

കണ്ണൂരിലെ ബാൽടെക് പ്ലാന്‍റിനെ മാത്രമാണ് നിലവിൽ ആശ്രയിക്കുന്നത്. പരാമവധി 300 സിലിണ്ടർ ഉത്പ്പാദന ശേഷിയുള്ള ഇവിടെ നിന്നും പരമാവധി 200 സിലിണ്ടറുകളാണ് കാസർകോട്ടേക്ക് എത്തിക്കുന്നത്. കണ്ണൂർ പ്ലാന്‍റിൽ ഉത്പ്പാദനം കൂട്ടുകയോ മറ്റ് ജില്ലകളിൽ നിന്ന് ഓക്സിജൻ എത്തിക്കുകയോ വേണമെന്ന ആവശ്യം പലതവണ ജില്ലാ ഭരണകൂടം സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇതുവരെ ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!