ഇറ്റലിയിൽ നിന്നും അഞ്ച് വിമാനങ്ങളില്‍ 45 മലയാളികള്‍ എത്തും; പരിശോധനയ്ക്ക് ഐസൊലേഷൻ വാർഡ് സജ്ജം

By Web TeamFirst Published Mar 8, 2020, 11:22 PM IST
Highlights

യാത്രക്കാരെ കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച് പരിശോധന നടത്തും. ഇതിനായി എട്ട് ആംബുലന്‍സ് വിമാനത്താവളത്തില്‍ ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു.
 

കൊച്ചി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഇറ്റലിയില്‍ നിന്നും അഞ്ച് വിമാനങ്ങളില്‍ 45 മലയാളി യാത്രക്കാര്‍ നാളെ കൊച്ചിയില്‍ എത്തും. ഇവരെ കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച് പരിശോധന നടത്തും. ഇതിനായി എട്ട് ആംബുലന്‍സ് വിമാനത്താവളത്തില്‍ ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു.

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പൊതുചടങ്ങുകള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ മാറ്റി വെക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷകള്‍ മുന്‍കരുതലുകളോടെ നടത്തും. പത്തനംതിട്ടയില്‍ പത്തുപേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണ്. പത്തുസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

158 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. മാസ്‍കുകള്‍ക്ക് കൂടുതൽ വില ഈടാക്കുന്നുണ്ടോ എന്ന് പരിശോധന നടത്തും. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മെഡിസിൻ കൊടുരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിളിക്കേണ്ട നമ്പറുകള്‍: 0471-23 09 250, 0471-23 09 251, 0471-23 09 252. 

അതേസമയം ബെംഗളൂരുവിലെ പ്രീ പ്രൈമറി വിദ്യാലയങ്ങൾക്ക് മാർച്ച്‌ അവസാനം വരെ അവധി പ്രഖ്യാപിച്ചു. കൊവിഡ് മുന്‍കരുതലിന്‍റെ അടിസ്ഥാനത്തിലാണിത്. 

click me!