വിദേശത്തുനിന്നെത്തിയ മകന്‍ ക്വാറന്‍റൈൻ നിയമം ലംഘിച്ചു; സിപിഎം നേതാവിനെതിരെയും കേസെടുത്തു

By Web TeamFirst Published Mar 24, 2020, 11:20 AM IST
Highlights
  • മേയറുടെ മകനും കുടുംബവും ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായിരുന്നു നിർദ്ദേശം
  • എന്നാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു

കോഴിക്കോട്: സി പി എം നേതാവും മുന്‍ എംപിയും മുന്‍ മേയറുമായ എ കെ പ്രേമജത്തിനെതിരെ പൊലീസ് കേസെടുത്തു. ഓസ്ട്രേലിയയിൽ നിന്നും നാട്ടിലെത്തിയ മകൻ ഹോം ക്വാറന്‍റൈന്‍ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരോട് തട്ടിക്കയറിയെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്. കൊവിഡ് 19 സംസ്ഥാനത്ത് ഭീതിയുണര്‍ത്തുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിന് പ്രേമജത്തിന്‍റെ മകനെതിരെയും കേസെടുത്തിട്ടുണ്ട്.

മകൻ ഹോം ക്വാറന്‍റൈന്‍ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരോട് പ്രേമജം  തട്ടിക്കയറിയെന്ന് കാട്ടി ഹെൽത്ത് ഇൻസ്പെക്ടറടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. മലാപ്പറമ്പ് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ പി ബീന ജോയിന്‍റ് ഹെൽത്ത് ഇൻസ്പെക്ടർ ഷനോജ് എന്നിവരാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. മേയറുടെ മകനും കുടുംബവും ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായിരുന്നു നിർദ്ദേശം.

എന്നാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ മുൻ മേയർ ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതെന്നാണ് പരാതി. ക്വാറന്‍റൈൻ നിയമം ലംഘിച്ചതിനാണ് മകനെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!