
കാസര്‍കോട്: കാസര്‍കോട് കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ ജില്ലാ ഭരണകൂടം. കൊവിഡ് നിയന്ത്രണം ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് കുഡ്‍ലു സ്വദേശി അബ്ദുല്‍ ഖാദറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടിൽ ക്വാറന്‍റൈനില്‍ കഴിയണമെന്ന നിർദേശം പാലിക്കാതെ പുറത്തിറങ്ങി നടന്നതിനെ തുടര്‍ന്നാണ് നടപടി. നാട്ടുകാരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
അതേസമയം നേരത്തെ രോഗം സ്ഥിരീകരിച്ച ഏരിയാൽ സ്വദേശി സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിന് മുന്നിലെ പ്രതിസന്ധി. സമ്പർക്കം പുലർത്തിയ വ്യക്തികളുടെ വിവരങ്ങളും യാത്രാ വഴികളും ഇയാള്‍ പറയുന്നില്ലെന്നും എന്തോ മറച്ചു വെക്കാനാണ് ശ്രമമെന്നും കളക്ടർ പറഞ്ഞു. ആരോഗ്യവകുപ്പുമായി സഹകരിക്കാത്തതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവില്‍.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കാത്തവരെ കാത്തിരിക്കുന്നത് ശക്തമായ നിയമ നടപടിയാണെന്ന് കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. നിർദേശങ്ങൾ പാലിക്കാതെ തുറന്ന കടകൾ ജില്ലാ കളക്ടർ നേരിട്ടെത്തി പൂട്ടിക്കുകയായിരുന്നു. സർക്കാർ ഓഫീസുകളും സ്വകാര്യ ഓഫീസുകളും അടച്ചതോടെ ജില്ല പൂർണമായും നിശ്ചലാവസ്ഥയിലാണ്. അന്തർ സംസ്ഥാന സർവീസുകൾ കെഎസ്ആർടിസി പൂർണമായും നിർത്തി. ആളുകൾ കൂട്ടം കൂടിനിൽക്കരുതെന്നും നിർദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam