
പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്. പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ നിന്ന് ചാടി പോയ ആൾക്കെതിരെ കേസെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. ആശുപത്രിയിൽ നിന്ന് പോയ ആൾ ഇടപ്പെട്ടവരെയും നിരീക്ഷിക്കും. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഉൾപ്പെടെ ബോധവത്കരണം നടത്തുമെന്നും കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയില്‍ നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്.
അതേസമയം, ജില്ലയില്‍ ഒരാളെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് വയസുകാരിയെ ആണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയിൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കൽ നടപടി ഇന്ന് പൂർത്തിയാക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ സൗകര്യങ്ങൾ ഒരുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam