സമ്പർക്ക വ്യാപനത്തിൽ ആശങ്കയോടെ സംസ്ഥാനം; ലോക്ക് ഡൗണ്‍ നീട്ടി തലസ്ഥാനം, ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത

By Web TeamFirst Published Jul 20, 2020, 7:04 AM IST
Highlights

തിരുവനന്തപുരത്തെ തീരമേഖലയിലും കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ആശങ്ക മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരുന്ന ഒരാള്‍ കൂടി ഇന്നലെ രാത്രി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 43 ആയി. കളിയിക്കാവിള സ്വദേശിയാ അമ്പത്തിമൂന്നുകാരന്‍ ജയചന്ദ്രന്‍ ആണ് മരിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മുപ്പത് ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച് അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. 

തിരുവനന്തപുരത്തെ തീരമേഖലയിലും കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. കൊല്ലം ജില്ലയില്‍ ചടയമംഗലം പഞ്ചായത്തിനെയും, കൊട്ടാരക്കര നഗരസഭയെയും റെഡ് കളര്‍ കോഡഡ് സെല്‍ഫ് ഗവണ്‍മെന്‍റായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത തുടരുകയാണ്. ഉത്തര കേരളത്തില്‍ പാലക്കാട് പട്ടാമ്പി മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുളള രോഗവ്യാപനമാണ് ആശങ്ക ഉയര്‍ത്തുന്നത്. പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ 67 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ആശങ്കയിലാണ് മേഖല. ജില്ലയിലെ മല്‍സ്യമാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് തീരുമാനം. 

കാസർക്കോട്ടും സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടേയും ഉറവിടം അറിയാത്ത രോഗികളുടെയും എണ്ണം കൂടി. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ രണ്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഇടുക്കി രാജാക്കാട് സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ്. സമ്പർക്കരോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം ദിനംപ്രതി കൂടുകയാണ്. ഈ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണംകൂട്ടി രോഗമുള്ളവരെ ഉടനെ നിരീക്ഷണത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

click me!