
വയനാട്: ഒരുസമയത്ത് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് വയനാട്ടിലാണ്. ചെന്നൈയില്‍ വന്‍തോതില്‍ രോഗവ്യാപനമുണ്ടായ കോയന്പേട് മാർക്കറ്റില്‍പോയി വന്നവരും, അതില്‍ ഒരാളുമായി സന്പർക്കത്തിലായവരുമടക്കം എട്ടുപേർക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.
കൂടാതെ 16 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഏപ്രില്‍മാസം കോയന്പേട് മാർക്കറ്റില്‍ ചരക്കെടുക്കാന്‍ പോയ മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറില്‍നിന്ന് ഇതുവരെ ആറ് പേരിലേക്കാണ് രോഗം പടർന്നത്. ഇതില്‍ ഇയാളുടെ 11 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും 84 വയസുളള അമ്മയും ഉൾപ്പെടും.
ഇവരുമായി സമ്പർക്കത്തിലായവരടക്കം 1855 പേർ ജില്ലയില്‍ നിരീക്ഷണത്തിലാണ്. കോയമ്പേട് മാർക്കറ്റില്‍ പോയിവന്ന ആറ് ലോറി ഡ്രൈവർമാരുടെതടക്കം കൂടുതല്‍ പേരുടെ സാന്പിൾ പ്രത്യേകം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതുവരെ ഫലം ലഭിച്ചവരില്‍ രോഗികളാരുമില്ല. എന്നാല്‍, മുന്‍കരുതലെന്നോണം ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്ത് ചരക്കെടുക്കാന്‍ പോകുന്ന ലോറി ഡ്രൈവർമാരെ നിലവില്‍ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല.
ഇവർക്കായി പ്രത്യേക താമസ സൗകര്യം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളുടെതൊഴികെ മറ്റെല്ലാവരുടെയും റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്. ജില്ലയില്‍ തിരുനെല്ലി , എടവക, മാനന്തവാടി പഞ്ചായത്തുകളുടെ എല്ലാ വാർഡുകളും, അമ്പലവയൽ, മീനങ്ങാടി , വെള്ളമുണ്ട, നെന്‍മേനി പഞ്ചായത്തിലെ ചില വാർഡുകളും നിലവില്‍ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam