കമ്മ്യൂണിറ്റി കിച്ചനിൽ വിവേചനമെന്ന് പ്രതിപക്ഷം, ഇത് മത്സരമല്ലെന്ന് മുഖ്യമന്ത്രി

Published : Apr 07, 2020, 09:28 PM ISTUpdated : Apr 07, 2020, 09:35 PM IST
കമ്മ്യൂണിറ്റി കിച്ചനിൽ വിവേചനമെന്ന് പ്രതിപക്ഷം, ഇത് മത്സരമല്ലെന്ന് മുഖ്യമന്ത്രി

Synopsis

മുസ്ലിം ലീഗ് പ്രവർത്തർക്ക് കമ്മ്യൂണിറ്റി കിച്ചനിൽ പ്രവർത്തിക്കാൻ അനുമതി നിഷേധിക്കുകയാണ് പലയിടങ്ങളിലും. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് യഥേഷ്ടം അനുമതിയും കിട്ടുന്നു - എന്ന് എം കെ മുനീർ. മറുപടിയുമായി മുഖ്യമന്ത്രി. 

തിരുവനന്തപുരം/ കോഴിക്കോട്: കമ്മ്യൂണിറ്റി കിച്ചനുകൾ നടത്തുക എന്നത് ആരോടുമുള്ള മത്സരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിറ്റി കിച്ചനിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പ്രവ‍ർത്തിക്കാനുള്ള പാസ്സ് നൽകുമ്പോൾ ലീഗ് പ്രവർത്തകർക്ക് അടക്കം പാസ്സ് നൽകാതെ വിവേചനപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 

നിലവിൽ വികേന്ദ്രീകൃതമായി കമ്മ്യൂണിറ്റി കിച്ചനുകൾ സുഗമമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. എന്നാൽ അപൂര്‍വ്വം ചിലയിടങ്ങളില്‍ അനാവശ്യമായ പ്രവണതകള്‍ ഉണ്ട്. ചിലയിടത്ത് കമ്മ്യൂണിറ്റി കിച്ചനുകളിൽ പ്രവർത്തിക്കുക എന്നത് മത്സരരൂപത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതൊന്നും ശരിയല്ല - മുഖ്യമന്ത്രി പറയുന്നു. 

''പത്തനംതിട്ട ജില്ലയില്‍ നിന്നാണ് ഇങ്ങനെയൊരു വിവരം കേട്ടത്. ഒന്‍പത് സ്ഥലങ്ങളില്‍ മത്സരസ്വഭാവത്തോടെ സമാന്തര കിച്ചണ്‍ നടത്തുന്നു. ഇതിലൊന്നും മത്സരിക്കേണ്ടതില്ല എന്ന് മനസ്സിലാക്കണം. ആവശ്യത്തിനാണ് ഇടപെടല്‍ ഉണ്ടാവേണ്ടത്'', എന്ന് മുഖ്യമന്ത്രി. 

കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങൾ ഉപയോഗിച്ച് കമ്മ്യൂണിറ്റി കിച്ചനിലൂടെ ആവശ്യക്കാര്‍ക്ക് ഭക്ഷണം നൽകുന്ന സംവിധാനമാണ് ഉണ്ടായത്. അതില്‍ അനാവശ്യമായ മത്സരത്തിന് തയ്യാറായി മുന്നോട്ട് വരുമ്പോള്‍ പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകും. എന്തെങ്കിലും കുഴപ്പം ഭക്ഷണത്തിന് വന്നാല്‍ സ്ഥിതി വഷളാകും. അത്തരത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം ഫലപ്രദമായി ഇടപെടണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഭക്ഷണ വിതരണത്തിനുള്ള ചുമതലയെന്ന് എല്ലാവരും മനസ്സിലാക്കണം - എന്ന് മുഖ്യമന്ത്രി. 

കോഴിക്കോട്ട് എം കെ മുനീർ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചൻ പൂട്ടാൻ കോർപ്പറേഷൻ നിർദ്ദേശിച്ചത് തർക്കത്തിന് കാരണമായിരുന്നു. ഇതാണ് പ്രതിപക്ഷത്തിന്‍റെ വിമർശനത്തിന് പിന്നിൽ എന്നാണ് സൂചന.

ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ സർക്കാർ പ്രതിപക്ഷത്തിന്‍റെ അഭിപ്രായം തേടാൻ കഴിയാതിരുന്നത് മോശമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്‍റെ നിർദേശങ്ങൾ നാളെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കൈമാറും. 

''ഭക്ഷണ വിതരണത്തിൽ നിന്ന് ലീഗ് പ്രവർത്തകരെ തടയുന്നു, ഡിവൈഎഫ്ഐക്ക് അനുമതി കൊടുക്കുന്നു. ക്വാറന്‍റൈൻ കഴിഞ്ഞ ലീഗ് പ്രവർത്തകരെയും പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല'', എന്നായിരുന്നു മുനീറിന്‍റെ ആരോപണം. 

അതേസമയം, സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. ചെറിയ തോതില്‍ പരാതി ഉയര്‍ന്നാലും അതെല്ലാം ഗൗരവമായി എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒരു റേഷന്‍ ഷോപ്പില്‍ എത്തിയ ധാന്യത്തില്‍ കുറവുള്ളതായി പരാതി കിട്ടി. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റോക്ക് കുറവ്, തൊഴിലാളികളുടെ അഭാവം, വാഹന ദൗർലഭ്യം തുടങ്ങിയ പ്രശ്നങ്ങള്‍ ചില ഇടങ്ങളില്‍ ഉണ്ട്. ഇവയ്ക്ക് പരിഹാരം കാണണമെന്നും നിര്‍ദേശിച്ചിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്