പോത്തൻകോട് നിയന്ത്രണത്തിൽ ആശയക്കുഴപ്പം; കളക്ടറെ അതൃപ്തി വിളിച്ച് അറിയിച്ച് കടകംപള്ളി

By Web TeamFirst Published Apr 2, 2020, 11:47 AM IST
Highlights

കൊവിഡ് മരണത്തിന്‍റെ പശ്ചാത്തലത്തിൽ പോത്തൻകോടും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂട്ടായ ആലോചനകൾ ഇല്ലാതെ കളക്ടര്‍ ഉത്തരവുകൾ ഇറക്കിയെന്നാണ് വിമര്‍ശനം

തിരുവനന്തപുരം: കൊവിഡ് മരണത്തിന്‍റെ പശ്ചാത്തലത്തിൽ പോത്തൻകോടും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ സര്‍ക്കാരും തിരുവനന്തപുരം ജില്ലാ കളക്ടറും തമ്മിൽ അഭിപ്രായ ഭിന്നത.  കൂട്ടായ ആലോചനകൾ ഇല്ലാതെ കളക്ടര്‍ ഉത്തരവുകൾ ഇറക്കിയെന്നാണ് ഉയരുന്ന വിമര്‍ശനം. കൊവിഡ് മരണത്തിന്‍റെ പശ്ചാത്തലത്തിൽ പോത്തൻകോട് പ്രദേശമാകെ അടച്ചിട്ട് എല്ലാവരേയും നിരീക്ഷണത്തിലാക്കിയ സംഭവത്തിന് ശേഷം നടന്ന അവലോകന  യോഗത്തിലാണ് അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നത്. 

പ്രദേശത്ത് ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോകോൾ അത് പോലെ പാലിക്കപ്പെട്ടില്ലെന്ന വിമര്‍ശനം ഉയര്‍ന്നു. സമൂഹ വ്യാപന സാഹചര്യം ഇല്ലെന്ന് കണ്ടെത്തി അധിക നിയന്ത്രണങ്ങളിൽ ഇളവ് നൽകി കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഇതും വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. കളക്ടർ ഇറക്കിയ ഉത്തരവ്. അത് കളക്ടർ തന്നെ പിൻവലിച്ചു. ഇത് ഒക്കെ തന്നെയാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത് എന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം. 

അധിക നിയന്ത്രണം സര്‍ക്കാര്‍ അറിഞ്ഞല്ല ഏര്‍പ്പെടുത്തിയത്. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഉത്തരവിറക്കിയതിലെ അതൃപ്തി മന്ത്രി കളക്ടറെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. 

18,058 പേര് ജില്ലയിൽ ഇതുവരെ നിരീക്ഷണത്തിൽ ഉണ്ട്.  77 പേര് ആശുപത്രിയിൽ. ജില്ലയിൽ കൊറോണ കെയർ സെന്ററുകളിൽ 626 പേര് ചികിത്സയിൽ കഴിയുന്നുമുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!