കൊവിഡ് മരണം: വൈദികന്‍റെ സംസ്കാരത്തെ ചൊല്ലി മൂന്നാം ദിവസവും പ്രതിഷേധം

By Web TeamFirst Published Jun 4, 2020, 1:56 PM IST
Highlights

ആദ്യം കണ്ടെത്തിയ സ്ഥലത്ത് പ്രതിഷേധത്തെ തുടര്‍ന്ന് സംസ്കാരം നടത്താൻ കഴിഞ്ഞിരുന്നില്ല. ഓര്‍ത്തഡോക്സ് സഭ കണ്ടെത്തിയ സ്ഥലത്തും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. 

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ സംസ്കാരചടങ്ങിനെ ചൊല്ലി പ്രതിഷേധം തീരുന്നില്ല . മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുടങ്ങിയിരുന്നു. അതിന് ശേഷം ഓര്‍ത്തഡോക്സ് സഭ പകരം സ്ഥലം കണ്ടെത്തി നൽകിയെങ്കിലും അവിടെയും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. 

മലമുകളിലെ പുതിയ സ്ഥലം കണ്ടെത്തി നൽകിയത് ഓര്‍ത്തഡോക്സ് സഭയാണ്. കഴിഞ്ഞ ദിവസം സംസ്കാരം നിശ്ചയിച്ച സ്ഥലത്ത് നിന്ന് അഞ്ഞൂറ് മീറ്റര്‍ മാറിയാണ് ഓര്‍ത്തഡോക്സ് സഭ പുതിയ സ്ഥലം കണ്ടെത്തി നൽകിയത്. അവിടെയും നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. പ്രദേശത്ത് സെമിത്തേരി സ്ഥാപിക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസ് തീർപ്പാകുന്നതിന് മുൻപ് സംസ്കാരം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്. 

അതേ സമയം സഭ നിശ്ചയിച്ച് നൽകിയ സ്ഥലത്ത് തന്നെ സംസ്കാര ചടങ്ങുകൾ നടത്തുമെന്ന നിലപാടിലാണ് നഗരസഭ അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കാരം പൂര്‍ത്തിയാക്കുന്നതിനാണ് ക്രമീകരണം . 

click me!