
പത്തനംതിട്ട: കൊവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മലയോര പട്ടണമായ റാന്നിയിലെ ജനങ്ങൾ ഭീതിയിലാണ്. പ്രളയം തകർത്തെറിഞ്ഞ നാശനഷ്ടങ്ങളിൽ നിന്ന് കരകയറി വരുന്ന വ്യാപാര സമൂഹത്തിനും വൻ തിരിച്ചടി ആണ് കൊവിഡ് ഭീതി ഉണ്ടായിരിക്കുന്നത്.
സജീവമായിരുന്ന ഇട്ടിയപ്പാറ ബസ്സ് സ്റ്റാൻഡില്‍ ഇപ്പോള്‍ ആളും അനക്കവും നന്നെ കുറവാണ്. മാസ്ക് ധരിച്ചാണ് ഭൂരിപക്ഷം ജനങ്ങളും സഞ്ചരിക്കുന്നത്. ആളില്ലാത്തതിനാൽ ബസ്സുകളും സർവ്വീസ് നിർത്തിവെക്കുന്നു. 2018 ലെ പ്രളയത്തിൽ 150 കോടിയിലധികം നഷ്ടമുണ്ടായ റാന്നിയിലെ വ്യാപാര സമൂഹം തിരിച്ച് വരവിന്‍റെ പാതയിലായിരുന്നു. എന്നാൽ വൈറസ് ഭീതി അവർക്ക് ഇരുട്ടടിയാണ് സമ്മാനിച്ചത്.
ഇതിനിടെ, നഗരത്തോട് ചേർന്ന് കിടക്കുന്ന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന വാർത്ത വന്നതോടെ ആശുപത്രിയിലേക്കുള്ള ഓട്ടവും കുറഞ്ഞെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാര്‍ പറയുന്നു. ഹോട്ടലുകളിൽ പലതും അടഞ്ഞ് കിടക്കുകയാണ്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേരടക്കം അഞ്ച് റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ജനം ഭീതിയിലായത്.
രോഗ ലക്ഷണമുള്ളവർ മറ്റുള്ളവരോട് ഇടപഴകുന്നത് ഒഴിവാക്കാൻ പ്രത്യേക ഐസോലേഷൻ ഒപി വിഭാഗം ഉൾപ്പെടെ റാന്നി താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. പരിഭ്രാന്തി വേണ്ടെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും ജനങ്ങൾ ആശങ്കയിലാണ്. വീണ്ടെടുപ്പിന് എത്രനാൾ വേണ്ടിവരുമെന്ന് ഓരോരുത്തരും ചോദിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam