കൊച്ചിയില്‍ കൊവിഡ് ബാധിതനായ യൂബര്‍ ഡ്രൈവർക്ക് രോ​ഗം ഭേദമായി, ആശുപത്രി വിട്ടു

By Web TeamFirst Published Apr 9, 2020, 5:53 PM IST
Highlights

ദുബൈയില്‍ ബിസിനസുകാരനായി യാക്കൂബ് സേട്ട് നെടുമ്പാശ്ശേരിയിലെത്തിയപ്പോള്‍ മട്ടാഞ്ചേരിയിലെ വീട്ടിലെത്തിച്ചത് ലതീഷായിരുന്നു. യാക്കൂബ് സേട്ടിന് പിന്നീട് കൊവിഡ് സ്ഥീരികരിച്ചതിന് പിന്നാലെ ലതീഷിനെയും നിരീക്ഷണത്തിലാക്കുകയായിരുന്നു.

കൊച്ചി: കൊവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യൂബര്‍ ടാക്സി ഡ്രൈവര്‍ ലതീഷ് രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 28 ന് കൊവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശി യാക്കൂബ് സേട്ടില്‍ നിന്നാണ് ലതീഷിന് കൊവിഡ് പകര്‍ന്നത്. ഇവർക്ക് പുറമെ സംസ്ഥാനത്ത് ഇന്ന് ഇതുവരെ ഒമ്പത് പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

ദുബൈയില്‍ ബിസിനസുകാരനായി യാക്കൂബ് സേട്ട് നെടുമ്പാശ്ശേരിയിലെത്തിയപ്പോള്‍ മട്ടാഞ്ചേരിയിലെ വീട്ടിലെത്തിച്ചത് ലതീഷായിരുന്നു. യാക്കൂബ് സേട്ടിന് പിന്നീട് കൊവിഡ് സ്ഥീരികരിച്ചതിന് പിന്നാലെ ലതീഷിനെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ ലതീഷിനെ പ്രിന്‍സിപ്പലും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയില്‍ യാത്രയപ്പ് നല്‍കി. ആശുപത്രി വിട്ടെങ്കിലും ലതീഷ് 14 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ തുടരണം.

Also Read: കേരളത്തിലും കൊവിഡ് മരണം; മട്ടാഞ്ചേരി സ്വദേശി മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ

അതേസമയം, കൊവിഡ് ചികിത്സയിലുണ്ടായിരുന്ന കൂടുതൽ പേർ രോഗമുക്തി നേടുന്നതിന്റെ ആശ്വാസത്തിലാണ് സംസ്ഥാനം. എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന ആറ് ബ്രിട്ടീഷ് പൗരൻമാർ ആശുപത്രി വിട്ടു. ഇടുക്കിയിൽ പൊതുപ്രവർത്തകനിൽ നിന്ന് രോഗം പകർന്ന രണ്ട് പേരാണ് ആശുപത്രി വിട്ടത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശിയും ആശുപത്രി വിട്ടു. തൃശ്ശൂരിൽ ചികിത്സയിലുണ്ടായിരുന്ന സൂറത്ത് സ്വദേശിയായ വസ്ത്ര വ്യാപാരിയുടെ രണ്ടാമത്തെ ഫലവും നെഗറ്റീവായി.  

click me!