കൊവിഡ് സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി

By Web TeamFirst Published Jun 2, 2021, 10:13 AM IST
Highlights

പ്രതിരോധപ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.  ഈ പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അതേ സമയം വാക്സീൻ കേന്ദ്രം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സഭ പ്രമേയം പാസാക്കും.

തിരുവനന്തപുരം: കൊവിഡ് സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി. സഭയിൽ പ്രതിപക്ഷ ബഹളം നടക്കുകയാണ്. പ്രതിരോധപ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.  ഈ പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അതേ സമയം വാക്സീൻ കേന്ദ്രം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സഭ പ്രമേയം പാസാക്കും.

സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ചൊല്ലി വലിയ തർക്കമാണ് സഭയിൽ ഉണ്ടായത്. പ്രതിപക്ഷത്തിനായി ഡോ എം കെ മുനീറാണ് മുന്നിട്ടിറങ്ങിയത്. രോഗാണുവിന്റെ ഏത് വകഭേദം കൊണ്ടാണ് മരണങ്ങൾ ഉണ്ടായതെന്ന് പഠനം നടത്തിയോ എന്ന് സംശയമാണെന്ന് പറഞ്ഞ എം കെ മുനീർ അമ്പതിൽ വയസിൽ താഴെയാണ് കൂടുതലും മരണമെന്നും ചൂണ്ടിക്കാട്ടി. മൂന്നാം തരംഗം കൂട്ടികളെ കൂടുതൽ ബാധിക്കുമെന്നാണ് പഠനങ്ങളെന്നും ഇതിനെ നേരിടാൻ ഇപ്പോഴെ തയ്യാറെടുക്കണമെന്നും മുനീർ ആവശ്യപ്പെട്ടു. 

ആദ്യ ഡോസ് വാക്സിൻ എടുത്ത ആളാണ് ഞാനെന്നും രണ്ടാം ഡോസ് എവിടെ നിന്നാണ് എന്ന് പോലും അറിയില്ലെന്നും മുനീർ സഭയിൽ പറ‍ഞ്ഞു. ജനസംഖ്യ അനുപാതത്തിൽ അല്ല വാക്സിൻ വിതരണമെന്ന് ആരോപിച്ച മുനീർ കേന്ദ്രത്തിനു എതിരായ ആരോഗ്യ മന്ത്രി കൊണ്ട് വരുന്ന പ്രമേയം നൂറു ശതമാനം സത്യസന്ധമാണെന്ന് പറഞ്ഞ് കൊണ്ട് പിന്തുണച്ചു. രാജ്യം കത്തുമ്പോൾ പ്രധാനമന്ത്രി വീണ വായിക്കുന്നുവെന്നും മുനീ‌‌‌ർ‌ കുറ്റപ്പെടുത്തി. 

മരണ നിരക്ക് കുറച്ചു കാണിക്കാൻ ശ്രമം ഉണ്ടെന്നും കണക്ക് കുറച്ച് കാണിച്ചല്ല കേരളം മുന്നിൽ എന്ന് പറയണ്ടതെന്നും മുനീ‌‌‌ർ പറഞ്ഞു. പത്തനംതിട്ട ജില്ലക്ക് വാക്സിൻ വിതരണത്തിൽ കൂടുതൽ പരിഗണന കിട്ടുന്നുവെന്നും മുനീ‌‌‌ർ ആരോപിച്ചു. 

വാക്സിൻ വിതരണം ശാസ്ത്രീയമായാണെന്ന് ആരോഗ്യമന്ത്രി വീണ ജോ‌ർജ്ജ് മറുപടി നൽകി. രണ്ടാം തരംഗത്തിന് മുൻപ് തന്നെ മെഡിക്കൽ കപ്പാസിറ്റി കൂട്ടാൻ കേരളം ശ്രമിച്ചുവെന്നും കൊവിഡ് പ്രതിരോധ ശ്രമങ്ങളെ ഇകഴ്ത്തി കാട്ടാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞു. 

പിന്നാലെ സഭയിൽ ബഹളമുണ്ടായി. ആരോഗ്യ മന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കൊവിഡ് വിഷയം ഒരു തരത്തിലും വിവാദം ആക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകരെ ഇകഴ്തി കാട്ടുന്ന ഒരു വാക്കും മുനീർ പറഞ്ഞില്ലെന്നും വി ‍ഡി സതീശൻ പറഞ്ഞു. ആരോഗ്യ മന്ത്രി പരാമർശം പിനാവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
  
മരണങ്ങളുടെ എണ്ണം കുറക്കുന്നു എന്നത് വാസ്തവ വിരുദ്ധമാണെന്നും വീണ ജോർജ്ജ് അവകാശപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ രേഖ അനുസരിച്ചാണ് കൊവിഡ് മരണം റിപ്പോർട്ട്‌ ചെയ്യുന്നതെന്നും വീണ ജോർജ്ജ് വിശദീകരിച്ചു. കൂടുതൽ മരണം 70 നും 80 നും പ്രായം ഉള്ളവരിലാണെന്നും വീണ ജോർജ്ജ് പറഞ്ഞു. കൊവിഡ് കാലത്തെ സർക്കാർ ജനത്തെ ചേർത്ത് പിടിച്ചു നിർത്തി. ഒരാൾ പോലും പട്ടിണി കിടന്നില്ല ആരോഗ്യമന്ത്രി പറഞ്ഞു. 

സർക്കാരിന് പിന്തുണ നൽകിയിട്ടും ആരോഗ്യ മന്ത്രിക്ക് പുല്ലു വിലയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിക്ക് വേണ്ടെങ്കിലും ജനങ്ങൾക് വേണ്ടി പ്രതിപക്ഷം സർക്കാർ നടപടിയെ പിന്തുണക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഒരു ബെഡിനു വേണ്ടി വിളിക്കാത്ത ഒരു എംഎൽഎയുണ്ടോയെന്ന് ചോദിച്ച സതീശൻ. രാഷ്ട്രീയക്കാരോട് ജനത്തിന് പുച്ഛം തോന്നുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഒരുമിച്ചു നിന്നില്ലെങ്കിൽ അരാഷ്ട്രീയ വാദം വളരുമെന്നും നമ്മുടെ സൗകര്യങ്ങൾ അപര്യാപ്തമാണെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. രണ്ടാം തരംഗത്തെ നേരിടാൻ കേരളത്തിന്‌ കൂടുതൽ സമയം കിട്ടിയിരുന്നുവെന്നും മൂന്നാം തരംഗത്തെ നേരിടാൻ ഒരുമിച്ചു നിൽക്കണമെന്നും പറഞ്ഞ സതീശൻ മരണ നിരക്കിൽ ധാരാളം സംശയങ്ങൾ ഉണ്ടെന്ന് ആവർത്തിച്ചു. 

മരണ നിരക്ക് കൂട്ടി സർക്കാരിനെ അപമാനിക്കാൻ ഇല്ലെന്നും പക്ഷേ മരണ നിരക്ക് കുറച്ചാൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉള്ള ആനുകൂല്യങ്ങൾ കിട്ടാതെ പോകുമെന്നും സതീശൻ ചൂണ്ടിക്കാട്ടി. മരണ നിരക്കിൽ കേരളം സ്വന്തം നിലക്ക് പഠിക്കണമെന്നും മരണസംഖ്യ നിശ്ചയിക്കാൻ ഉള്ള മാനദണ്ഡം മാറ്റണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

click me!