
കാസർകോട്: കൊവിഡ് ബാധ വ്യാപകമായ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ കർശന നിയന്ത്രണവുമായി സർക്കാർ. പകൽ 11 മുതൽ അഞ്ച് മണി വരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന വിലക്ക് ലംഘിച്ച കടകൾ പൊലീസ് അടപ്പിച്ചു. രാവിലെ 11 മണിക്ക് മുൻപ് കട തുറന്നതിനും കേസെടുത്തിട്ടുണ്ട്.
ഉപ്പളയിൽ അഞ്ച് മണി കഴിഞ്ഞിട്ടും അടക്കാതിരുന്ന കടകൾ പോലീസ് ഇടപ്പെട്ട് അടപ്പിച്ചു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂരാവിയിലും മഡിയനിലും അഞ്ചു മണിക്കു ശേഷം പ്രവർത്തിച്ച കടകൾക്കെതിരെ പോലീസ് കേസെടുത്തു. രാവിലെ 11 മണിക്ക് മുൻപ് കട തുറന്നതിന് പൂടംകല്ലിലും ഹൊസ്ദുർഗിലും പൊലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ആകെ ജില്ലയിൽ 15 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഇന്നും ഇന്നലെയുമായി 12 പേർക്കാണ് ജില്ലയിൽ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടന്നത്. അതിനിടെ കാസർകോട്ടെ രോഗിക്കെതിരെ കടുത്ത വിമർശനങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചു.
കാസർകോട് നിരുത്തരവാദത്തിന്റെ വലിയൊരു ദൃഷ്ടാന്തം കണ്ടു. രോഗബാധിതൻ തന്റെ ഇഷ്ടാനുസരണം എല്ലായിടത്തും പോയി. കാസർകോട് ജില്ലാ ഭരണ സംവിധാനം ഇയാളുടെ യാത്രാ വിവരം ഭാഗികമായി പ്രസിദ്ധീകരിച്ചു. ഇയാളെ നിരവധി തവണ ചോദ്യം ചെയ്തിട്ടും അവ്യക്തതയുണ്ട്. കൂടുതൽ അന്വേഷണം ആവശ്യമാണ്.
ഇത്തരക്കാർ സമൂഹത്തെയാണ് വഞ്ചിക്കുന്നത്. ഇവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ മാധ്യമങ്ങളും ജാഗ്രത പാലിക്കണം. സമൂഹത്തിന് വിപത്ത് പകരുന്നവരെ ന്യായീകരിക്കുകയോ അവർക്ക് സ്വയം ന്യായീകരിക്കാൻ അവസരം നൽകുകയോ ചെയ്യരുതെന്ന ആവശ്യവും മുഖ്യമന്ത്രി മുന്നോട്ട് വച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam