പണം നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയ്ക്ക് കൈത്താങ്ങായി പൊലീസ് ഓഫീസറെത്തി, അനുമോദിച്ച് കേരള പൊലീസ്

By Web TeamFirst Published Mar 21, 2020, 7:26 PM IST
Highlights

ഋഷികേശിലേക്ക് പോയ ഫ്രഞ്ച് യുവതിക്ക്, കൊവിഡ് ഭീതിയില്‍ ഹോട്ടലുകള്‍ എല്ലാം അടച്ച സാഹചര്യത്തില്‍ അവിടത്തെ ഇന്ത്യന്‍ റെയില്‍വെ പ്രെജക്ട് മാനേജര്‍ പ്രമോദുമായി ബന്ധപ്പെട്ട് രഘു താമസ സൗകര്യവും ഒരുക്കി നല്‍കി.
 

കൊച്ചി: കൊച്ചിയില്‍ വച്ച് ബാഗും പണവും നഷ്ടപ്പെട്ട, കൈക്കുഞ്ഞുമായെത്തിയ ഫ്രഞ്ച് യുവതിയെ സഹായിച്ചതിന്റെ പേരില്‍ രാജ്യം മുഴുവന്‍ പ്രശംസിച്ച കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി എസ് രഘുവിന് സംസ്ഥാന പൊലീസിന്റെ അനുമോദനം. സംസ്ഥാന പൊലീസ് ചീഫീന് വേണ്ടി ഐജി വിജയ് സാക്കറെയാണ് രഘുവിന് പ്രശസ്തി പത്രവും അയ്യായിരം രൂപ ക്വാഷ് റിവാര്‍ഡും നല്‍കിയത്. 

ഋഷികേശിലേക്ക് പോയ ഫ്രഞ്ച് യുവതിക്ക്, കൊവിഡ് ഭീതിയില്‍ ഹോട്ടലുകള്‍ എല്ലാം അടച്ച സാഹചര്യത്തില്‍ അവിടത്തെ ഇന്ത്യന്‍ റെയില്‍വെ പ്രെജക്ട് മാനേജര്‍ പ്രമോദുമായി ബന്ധപ്പെട്ട് രഘു താമസ സൗകര്യവും ഒരുക്കി നല്‍കി. രഘുവിന്റെ പ്രവൃത്തിയുടെ പേരില്‍ സംസ്ഥാന പൊലീസിനെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി ട്വിറ്റ് ചെയ്തു. തുടര്‍ന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലനൈന്‍ കേരളാ പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു. 

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. താനിപ്പോള്‍ ഇന്ത്യക്കാരിയാണെന്നും, കാരണം തനിക്ക് ഇപ്പോള്‍ ഇന്ത്യക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സഹോദരനായി ഉണ്ടെന്നും ഫ്രഞ്ച് യുവതി പറഞ്ഞിരുന്നു. കേരള പൊലീസ് അയച്ചുനല്‍കിയ പണം ദില്ലി പൊലീസില്‍ നിന്ന് കൈപ്പറ്റിയ ശേഷമാണ് അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

കഴിഞ്ഞ വര്‍ഷം ഫോര്‍ട്ട് കൊച്ചിയില്‍ വച്ച് അര്‍ദ്ധരാത്രിയില്‍ ഒറ്റപ്പെട്ടുപോയ മെക്‌സിക്കന്‍ വനിതയെ രക്ഷിച്ച് സുരക്ഷിതമായി ഹോട്ടലില്‍ എത്തിച്ചതിന് മുന്‍ ഡിജിപിയും റോ ഡയറക്ടറുമായിരുന്ന ഹോര്‍മിസ് തരകന്‍ പ്രശംസാകുറിപ്പ് എഴുതിയിരുന്നു. ഇക്കാര്യത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും വിവിധ സംസ്ഥാന പൊലീസ് വകുപ്പുകളുടെയും അഭിനന്ദനം രഘുവിന് ലഭിച്ചിരുന്നു. ദില്ലി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംങ്ങ് കമ്മറ്റി പ്രസിഡന്റ് സുഷമ പാര്‍ച്ചെ രഘുവിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ  പൊലീസുകാരന്‍ കേരള പൊലീസിന്റെ അഭിമാനമാണെന്ന് ഡിജിപി അഭിപ്രായപ്പെട്ടു.

click me!