'എംഎൽഎ വീട്ടിലിരിക്കുകയാണ്', എന്ന് ഡിവൈഎഫ്ഐ, കൊവിഡിനേക്കാൾ വലിയ വൈറസെന്ന് യു പ്രതിഭ

By Web TeamFirst Published Apr 3, 2020, 1:50 PM IST
Highlights

വർക്ക് അറ്റ് ഹോം എന്ന സർക്കാർ നിർദേശമാണ് താൻ പാലിക്കുന്നതെന്നും മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ തടസ്സമില്ലെന്നും ആദ്യഘട്ടത്തിൽ എംഎൽഎ മറുപടി നൽകിയെങ്കിലും വിമർശനങ്ങൾ ശക്തമായതോടെ അവർ തുറന്നടിച്ചു.

ആലപ്പുഴ: കൊവിഡ് പ്രതിരോധ ജോലികൾ ഏകോപിപ്പിക്കുന്നതിനെ ചൊല്ലി കായംകുളം എംഎൽഎ യു പ്രതിഭയും ഡിവൈഎഫ്ഐയും തമ്മിൽ പോര് മുറുകുന്നു. ഓഫീസ് പൂട്ടി എംഎൽഎ വീട്ടിലിരിക്കുകയാണെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ സമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നത്. എന്നാൽ കൊവിഡിനെക്കാൾ വലിയ വൈറസുകൾ സമൂഹത്തിൽ ഇറങ്ങിയിട്ടുണ്ടെന്നാണ് യു പ്രതിഭയുടെ മറുപടി.

ആപത്തുകാലത്ത് കായംകുളം എംഎൽഎ എവിടെയാണ്? യു പ്രതിഭയുടെ പ്രവർത്തനം വീട്ടിലിരുന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്, ഇതിന് പരിമിതിയുണ്ട്. കായംകുളത്ത് നിന്നുള്ള ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾ ഉൾപ്പടെയുള്ളവർ കടുത്ത ഭാഷയിലാണ് യു പ്രതിഭ എംഎൽഎയ്ക്ക് എതിരെ ഉന്നയിക്കുന്നത്. 'വർക്ക് അറ്റ് ഹോം' എന്ന സർക്കാർ നിർദേശമാണ് താൻ പാലിക്കുന്നതെന്നും മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ തടസ്സമില്ലെന്നും ആദ്യഘട്ടത്തിൽ എംഎൽഎ മറുപടി നൽകി. എന്നാൽ വിമർശനങ്ങൾ ശക്തമായതോടെ യു പ്രതിഭ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു.

''എന്‍റെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളിലൊന്നും തടസ്സമില്ല. എല്ലാം വളരെ സുഗമമായി മുന്നോട്ടു പോകുന്നുണ്ട്. പക്ഷേ, കൊവിഡിനേക്കാൾ വലിയ വൈറസ്സുകൾ ഈ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കൊടും വിഷമാണവർ. അവരെയൊക്കെ പുച്ഛിച്ച് തള്ളിക്കളഞ്ഞ് മുന്നോട്ടുപോകുക എന്നല്ലാതെ വേറൊന്നും എനിക്ക് പറയാനില്ല'',  എന്ന് യു പ്രതിഭ ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു. 

എന്തായാലും വിമർശനങ്ങൾക്കും മറുപടിക്കും പിന്നാലെ എംഎൽഎ പരസ്യമായി രംഗത്ത് ഇറങ്ങി. മറുപടിയെന്നോണം വീഡിയോകൾ ഓരോന്നായി ഫേസ്ബുക്കിൽ നിറയുന്നുമുണ്ട്. ഏറെ നാളായി കായംകുളം സിപിഎമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയാണ് കൊവിഡ് കാലത്തും പ്രതിഫലിച്ചതെന്ന് വ്യക്തം. 

സംഭവത്തിൽ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കളോട് വിശദീകരണം തേടി. അതേസമയം, എംഎൽഎയ്ക്കെതിരെ കായംകുളത്തെ ഡിവൈഎഫ്ഐ നേതാക്കൾ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. 

click me!