സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു, ഇന്ന് മാത്രം രോഗത്തിന് കീഴടങ്ങിയത് 12 പേർ, ആശങ്ക അകലുന്നില്ല

By Web TeamFirst Published Aug 16, 2020, 4:03 PM IST
Highlights

തിരുവനന്തപുരം ജില്ലയിൽ നാല് പേരും കാസർകോട് ജില്ലയിൽ രണ്ട് പേരും തൃശൂര്‍, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഒരോരുത്തരുമാണ്  രോഗബാധിതരായി മരിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്  വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് മാത്രം കൊവിഡ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. തിരുവനന്തപുരം ജില്ലയിൽ നാല് പേരും കാസർകോട് ജില്ലയിൽ രണ്ട് പേരും തൃശൂര്‍, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഒരോരുത്തരുമാണ്  രോഗബാധിതരായി മരിച്ചത്. 

പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ ഉൾപ്പടെ നാല് പേർ തിരുവനന്തപുരത്ത് മാത്രം മരിച്ചു. സെൻട്രൽ ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ 11നാണ്  മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. ജയിലിൽ ആദ്യം രോഗബാധയുണ്ടായതും ഇദ്ദേഹത്തിനായിരുന്നു. 

സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 298 പേരിൽ നടത്തിയ പരിശോധനയിലാണ് 145 പേർക്ക് രോഗബാധയുണ്ടായെന്ന് സ്ഥിരീകരിച്ചത്. 144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ് രോഗബാധയെന്നാണ് വിവരം. നാളെയോടെ പരിശോധന പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയിൽ അധികൃതരുടേയും തീരുമാനം.  900ൽ അധികം അന്തേവാസികളാണ് ജയിലിലുള്ളത്. 

ചിറയൻകീഴ് പരവൂരിൽ വെള്ളിയാഴ്ച മരിച്ച 76 കാരിയായ കമലമ്മയുടെ ആർടിപിസിആർ ഫലമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംസ്കരിക്കുകയും ചെയ്തിരുന്നു. ശ്വാസകോശ രോഗത്തെ തുടർന്ന് ഇന്നലെ രാത്രി മരിച്ച 58 കാരിയായ രമാദേവിയുടെ പരിശോധഫലവും പോസിറ്റീവാണ്. വെട്ടൂർ സ്വദേശിയായ മഹദാണ് തിരുവനന്തപുരത്ത് മരിച്ച നാലാമത്തെയാൾ. 

കാസർകോട് സ്വദേശി മോഹനൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടയെല്ല് പൊട്ടിയതിനെ തുടർന്ന് ഈ മാസം 10 നാണ് പരിയാരത്ത് പ്രവേശിപ്പിച്ചത്. കാസർകോട് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളും ഉണ്ട്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്ന 7 മാസം പ്രായമായ കുട്ടിയും രോഗബാധിതയായി മരിച്ചു.  ബളാൽ സ്വദേശി റിസ ആണ് മരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണേിയയെ തുടർന്ന് വെൻ്റിലേറ്ററിലായിരുന്നു കുട്ടി.

തൃശൂരിലും മലപ്പുറത്തും വയനാടും കണ്ണൂരും ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് മറ്റ് മരണങ്ങൾ. പരപ്പനങ്ങാട് സ്വദേശി ഫാത്തിമയാണ് മലപ്പുറത്ത്  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ  മരിച്ചത്.  വയനാട് വാളാട് സ്വദേശിയായ ആലിയാണ് മാനന്തവാടി ആശുപത്രിയിൽ മരിച്ചത്. അർബുദ രോഗിയായിരുന്നു. ആലപ്പുഴയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ കൊവിഡ് ചികിത്സയിലായിരുന്ന പത്തിയൂർ സ്വദേശി സദാനന്ദന്റെ മരണവും കൊവിഡ് ബാധിച്ചാണ്. 

പത്തനംതിട്ടയിൽ കോന്നി സ്വദേശിയായ ഷെബർബാനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലാണ് മരണം. കണ്ണൂരിൽ കണ്ണപുരം സ്വദേശി കൃഷ്ണനാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂരിൽ ഒരു കൊവിഡ് മരണം കൂടിയുണ്ടായി. കൊടുങ്ങല്ലൂർ സ്വദേശി ശാരദ (70) ആണ് മരിച്ചത്. അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. 

click me!