കൊവിഡ് ബാധയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ സന്നദ്ധസേന; യുവാക്കളോട് രംഗത്തിറങ്ങാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

By Web TeamFirst Published Mar 26, 2020, 8:22 PM IST
Highlights

22 മുതൽ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം പേർ ഉൾപ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തിൽ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 നേരിടാൻ സന്നദ്ധ പ്രവർത്തകരുടെ സേനയെ കൂടി രംഗത്തിറക്കാൻ സർക്കാ‍ർ. സംസ്ഥാനത്ത് ദുരന്തങ്ങളിൽ ഇടപെട്ട് സഹായിക്കാൻ സംസ്ഥാനത്താകെ വളന്റിയർമാർ വേണമെന്നും അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണമെന്നും നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ഈ പ്രവർത്തനം പൂർണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതൽ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം പേർ ഉൾപ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തിൽ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ഇതിലേക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴി നടത്തും. ഇതിനായി വെബ്പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ പ്രായപരിധിയിൽ പെട്ട യുവാക്കളാകെ ഈ ദുരന്ത സമയത്തെ ഏറ്റവും വലിയ സാമൂഹിക പ്രതിബദ്ധത ഏറ്റെടുക്കാൻ അർപ്പണ ബോധത്തോടെ രംഗത്തിറങ്ങണം. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീടുകളിൽ എത്തിക്കണം.മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ധാരാളം പേർ വീടിന് പുറത്ത് പോയി ഭക്ഷണം വാങ്ങാനും ഭക്ഷ്യ വസ്തുക്കൾ വാങ്ങാനും കഴിയാത്തവരാണെന്നും വീടിനകത്ത് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനാവാത്ത ആളുകളുമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

സന്നദ്ധ പ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും. ഇവരുടെ യാത്രാ ചിലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കും. പ്രാദേശികമായ സേനയായി ഇവരെ മാറ്റും. സംസ്ഥാനത്ത് 1465 യുവ വളന്റിയർമാർ ആശുപത്രിയിലുള്ള ഒറ്റപ്പെട്ടവരെ സഹായിക്കാൻ കൂട്ടിരിക്കാനായി തയ്യാറായിട്ടുണ്ട്. യുവജന കമ്മിഷന്റെ അഭ്യർത്ഥന മാനിച്ച് 1465 പേരെ കണ്ടെത്താനായി. ഇവരും സന്നദ്ധ സേനയോടൊപ്പം സജീവമായി പ്രവർത്തിക്കും. മുഖ്യമന്ത്രി പറഞ്ഞു. 

click me!