തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാനദണ്ഡം. സർക്കാർ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിർദ്ദേശം. കൊവിഡ് ഇതര ചികിത്സകൾ അടിയന്തിര പ്രാധാന്യം ഉള്ളവ മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്ക് ആക്കി മാറ്റാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കാനും നിർദ്ദേശമുണ്ട്. 5 വെന്റിലേറ്റർ കിടക്കകൾ എങ്കിലും തയാറാക്കുകയും ചെയ്യണം. രണ്ടാം നിര കൊവിഡ് കേന്ദ്രങ്ങൾ താലൂക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക , കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്റ്റിറോയ്‌ഡുകളും മരുന്നുകളും സ്റ്റോക്ക് ഉറപ്പാക്കണം. കിടപ്പ് രോഗികൾക്ക് ഓക്സിജൻ, ചികിത്സ ഇവ വീട്ടിലെത്തി ഉറപ്പാക്കും. സ്വകാര്യ ആശുഓത്രികളിലും കൊവിഡ് ഒപി തുടങ്ങാനും നിർദ്ദേശമുണ്ട്.
കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കൊണ്ടുള്ള മാറ്റം ഒരാഴ്ചയ്ക്കുള്ളിൽ അറിയാനാകുമെന്നാണ് ആരോഗ്യവിദഗ്ധർ പ്രതീക്ഷിക്കുന്നത്. കേസുകൾ ഒറ്റയടിക്ക് കുത്തനെ കുറയില്ലെങ്കിലും കേസുകൾ ഉയരുന്നത് പിടിച്ചു നിർത്താനാകുമെന്നാണ് പ്രതീക്ഷ. ഡിസ്ചാർജ്ജ് പ്രോട്ടോക്കോൾ മാറിയതോടെ സംസ്ഥാനത്ത് രോഗമുക്തി നിരക്കും ഉയർന്നിട്ടുണ്ട്. 12 ദിവസത്തിനിടെ 2 ലക്ഷത്തിലധികം പേരാണ് രോഗമുക്തരായത്.
26ന് പ്രോട്ടോക്കോൾ വന്ന തൊട്ടടുത്ത ദിവസം 18,400 പേർ രോഗമുക്തരായി.12 ദിവസത്തിനുള്ളിൽ രോഗമുക്തരായത് 2,20,366 പേർ. ഇത് റെക്കോർഡാണ്. ലക്ഷണങ്ങൾ മാറിയാൽ മൂന്നു ദിവസത്തിന് ശേഷം പരിശോധനയ്ക്ക് കാത്തു നിൽക്കാതെ തന്നെ ഡിസ്ചാർജ് എന്നതാണ് പുതിയ രീതി. ഇത് വരും ദിവസങ്ങളിലും ഉയർന്ന് പ്രതിദിന രോഗികളുടെ എണ്ണത്തിനൊപ്പമെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ചികിത്സാ സംംവിധാനങ്ങൾ ഞെരുങ്ങുന്നത് ഒരു പരിധി വരെ ഒഴിവാക്കാനുമാകും.
എന്നാൽ മരണസംഖ്യയിലാണ് ആശങ്ക. കഴിഞ്ഞ ദിവസം മരണ സംഖ്യ 64 ആയി. നാൽപ്പതിനായിരത്തിന് മുകളിൽ പ്രതിദിന രോഗികളുണ്ടായ ദിവസങ്ങളിലെ കണക്ക് മരണത്തിൽ പ്രതിഫലിച്ചു കാണാൻ രണ്ടാഴ്ച്ചയെങ്കിലുമെടുക്കും. ഇതോടെ വരും ആഴ്ച്ചകളിലെ മരണനിരക്ക് നിർണായകമാണ്.
സമ്പൂർണ ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കാനായാൽ കുത്തനെ മുകളിലേക്കുള്ള പോകുന്ന രോഗബാധിത നിരക്ക് പിടിച്ചുകെട്ടാനാകും. പരമാവധി 6 ദിവസം വരെയുള്ള ഇൻക്യൂബേഷൻ കാലാവധി കണക്കാക്കിയാണ് ഈ പ്രതീക്ഷ ആരോഗ്യവിദഗ്ധർ പങ്കുവെക്കുന്നത്. ഓരോ ദിവസവും കുതിച്ചു കയറുന്നതിന് പകരം ഈ കണക്ക് സ്ഥിരമായി നിശ്ചിത സംഖ്യയിൽ പിടിച്ചു നിർത്താനാകും. അതിന് ശേഷം കുറയാൻ തുടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam