ആശങ്കയേറ്റി രണ്ടാം തരംഗം, നിയന്ത്രണം കടുപ്പിക്കാൻ കേരളം, മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

By Web TeamFirst Published Apr 15, 2021, 6:40 AM IST
Highlights

നാളെയും മറ്റന്നാളുമായി മാസ് പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് കേരളം. രണ്ട് ദിവസത്തിനുള്ളിൽ രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. നിയന്ത്രണങ്ങൾ എത്രത്തോളം കടുപ്പിക്കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടർന്ന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണ് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം. 

രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച യോഗം. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മാസ് പരിശോധനയെന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾ യോഗം ചർച്ച ചെയ്യും. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കായിരിക്കും പരിശോധനയിൽ ഒന്നാമത്തെ പരിഗണന. നിയന്ത്രണങ്ങൾ കർശനമാക്കുന്ന കാര്യം യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടർമാർക്ക് ഇതിനകം നൽകിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന. 

ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സീൻ വിതരണകേന്ദ്രങ്ങൾ സജ്ജമാക്കും. വാക്സീൻ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്സിനേഷൻ വഴി ആർജിതപ്രതിരോധശേഷി പരമാവധി പേരിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വാക്സീൻ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ കൂട്ടുന്നതും, കമ്മ്യൂണിറ്റി ഫസ്റ്റ്‍ ലൈൻ ട്രീറ്റ്‍മെന്‍റ് സെന്‍ററുകൾ സജ്ജമാക്കുന്നതും യോഗം ചർച്ച ചെയ്യും. 

നിയന്ത്രണങ്ങൾ കർശനമാക്കി തിരുവനന്തപുരം

തിരുവനന്തപുരം ജില്ലാ ഭരണകൂടം കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. കണ്ടൈൻമെന്റ് സോണുകളിൽ അവശ്യ സ‍ർവ്വീസുകളൊഴികെ എല്ലാത്തിനും നിയന്ത്രണമേർപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഇളവുകളെല്ലാം പിൻവലിച്ചുവെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരെ ഒഴികെ കണ്ടൈൻമെന്റ് സോണുകളിൽ നിന്ന് ആളുകളെ പുറത്തേക്കും അകത്തേക്കും കടത്തില്ലെന്നും അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ 23 വാർഡുകളും വിളവൂർക്കൽ പഞ്ചായത്തിലെ ഒരു വാർഡും പുതിയ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

വയനാട്ടിൽ ടൂറിസത്തിന് നിയന്ത്രണം

കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തി. ഇനി ഓരോ ടൂറിസം കേന്ദ്രങ്ങളിലും 500 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡ് വാക്സീന്‍ എടുത്ത സർട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റിവെന്ന് തെളിയിക്കുന്ന 5 ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമാണ്. വൈകിട്ട് 5 മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനും തീരുമാനിച്ചിട്ടുണ്ട്.

click me!