സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കൊവിഡ്, 13 പേര്‍ക്ക് കൂടി രോഗമുക്തി; ചികിത്സയിലുള്ളത് 173 പേര്‍

By Web TeamFirst Published Apr 14, 2020, 5:58 PM IST
Highlights

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്കാണ് ഇന്ന് അസുഖം ഭേദമായത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. .ഇനി ചികിത്സയിലുള്ളത് 173 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 211 ആയി. 

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേര്‍) പേരും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേർ വീതവും, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തർ വീതവുമാണ് രോഗമുക്തരായത്. ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,511 പേര്‍ വീടുകളിലും 564 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 81 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,235 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 15, 488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

അഞ്ച് ദിവസത്തിൽ രോഗം ബാധിച്ചത് മുപ്പത് പേർക്ക് മാത്രമാണ്. രോഗമുക്തരായത് 114 പേരും. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷത്തിൽ നിന്ന് ഒരു ലക്ഷത്തിലേക്ക് കുറഞ്ഞതും ആരോഗ്യകേരളത്തിന് ആശ്വാസമാകുന്നു. 

ലോക്ക് ഡൗണിൽ തീരുമാനം മറ്റന്നാൾ

ലോക്ക് ഡൗൺ ഇളവുകളെ കുറിച്ച് സംസ്ഥാന തീരുമാനം മറ്റന്നാൾ മാത്രമേ ഉണ്ടാകൂ എന്നുറപ്പായി. പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം നാളെയേ ഇറങ്ങൂ എന്നതിനാൽ മന്ത്രിസഭാ യോഗം മറ്റന്നാളത്തേക്ക് മാറ്റി. പ്രധാനമന്ത്രി പറഞ്ഞത് അനുസരിച്ചാണെങ്കിൽ രോഗ വ്യാപനത്തോത് കുറഞ്ഞ കേരളത്തിൽ 20-ന് ചില മേഖലകളിൽ ഇളവുകൾ കൊണ്ടുവരാം. എന്നാൽ ഒറ്റയടിക്ക് എല്ലാം തുറന്ന് കൊടുത്താൽ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തിന്‍റെയും വിലയിരുത്തൽ.

അടച്ചിടൽ നീളുമ്പോൾ കേരളത്തിന്‍റെ ഏറ്റവും വലിയ ആശങ്ക സാമ്പത്തിക പ്രതിസന്ധിയി തന്നെയാണ്. പ്രധാന വരുമാന സ്രോതസ്സുകളായ ലോട്ടറിയും മദ്യവിൽപനയും നിലച്ചതാണ് പ്രധാന പ്രശ്നം. ഒപ്പം കാർഷിക നിർമ്മാണ മേഖലയിലെ തകർച്ചയും വലിയ തിരിച്ചടിയായിട്ടുണ്ട്.

മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടർ താളം തെറ്റുമെന്നും ഉറപ്പായി. എസ്എസ്എൽസി അടക്കം മുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പിലെ അനിശ്ചിതത്വം പരിഹരിക്കാൻ സര്‍ക്കാരിനി എന്ത് ചെയ്യുമെന്നും കണ്ടറിയണം.
 

click me!