മൂന്ന് ഘട്ടമായേ ലോക്ഡൗൺ പിന്‍വലിക്കാവു, വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട നമ്പർ സംവിധാനം വേണം; കര്‍മ്മസമിതിയുടെ ശുപാര്‍ശ

By Web TeamFirst Published Apr 7, 2020, 5:50 PM IST
Highlights

ലോക്ക് ഡൗൺ മൂന്ന് ഘട്ടമായി പിൻവലിച്ചാൽ മതിയെന്നാണ് സമിതിയുടെ ശുപാർശ. പുറത്തിറങ്ങാൻ മാസ്ക്ക് നിർബന്ധമാക്കണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.  

തിരുവനന്തപുരം: ലോക്ഡൗൺ ഘട്ടം ഘട്ടമായേ അവസാനിപ്പിക്കാവൂ എന്ന് കർമ്മ സമിതി റിപ്പോർട്ട്. പൊതുഗതാഗതത്തിന് കർശന നിയന്ത്രണം തുടരണമെന്നും കർമ്മസമിതി ശുപാർശ ചെയ്യുന്നു. ലോക്ക് ഡൗൺ മൂന്ന് ഘട്ടമായി പിൻവലിച്ചാൽ മതിയെന്നാണ് സമിതിയുടെ ശുപാർശ. പുറത്തിറങ്ങാൻ മാസ്ക്ക് നിർബന്ധമാക്കണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.  

എപ്രിൽ അവസാനം വരെ രണ്ടാം ഘട്ടവും മെയ് പകുതി വരെ മൂന്നാം ഘട്ടവും ജൂണ്‍ ആദ്യം വരെ നാലാംഘട്ടവും നിർദ്ദേശിച്ചാണ് സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്ദ്ധ സമിതിയുടെ ശുപാർശ. ഓരോ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകൾ,നിരീക്ഷണത്തിലുള്ളവർ,ഹോട്ട്സ്പോട്ടുകൾ ഇവ വിലയിരുത്തിയാകും ഇളവുകൾ. ഏപ്രിൽ പതിനാലിന് ശേഷം ഏറെക്കുറെ ഇതെ രീതിയിൽ നിയന്ത്രണം തുടരാനാണ് മുൻ ചീഫ് സെക്രട്ടറി  കെ എം എബ്രഹാം അധ്യക്ഷനായ സമിതിയുടെ ശുപാർശ.

ഒന്നാം ഘട്ട ഇളവുകൾ ഇങ്ങനെ പുറത്തിറങ്ങാൻ മാസ്ക്ക് നിർബന്ധം. 65 വയസ്സുള്ളവർ ചികിത്സക്ക് വേണ്ടി മാത്രമേ പുറത്തിറങ്ങാവൂവെന്നാണ് നിർദ്ദേശം. ഒരു സമയത്ത് ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രം പുറത്തിറങ്ങാൻ അനുമതി. 3 മണിക്കൂറിനുള്ളിൽ തിരിച്ചെത്തണം. സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട നമ്പർ സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഞായറാഴ്ച പൂർണ്ണ ലോക്ക് ഡൗൺ വേണമെന്നും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് മറ്റൊരു നിർദ്ദേശം. 

വിമാന-ട്രെയിൻ സർവ്വീസ് പാടില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. വിവാഹങ്ങൾക്ക് പത്ത് പേർ മാത്രം മതിയെന്നും നിർദ്ദേശമുണ്ട്. 

രണ്ടാം ഘട്ടത്തിൽ ഓട്ടോ-ടാക്സി സർവ്വീസുകൾ അനുവദിക്കും, ഓട്ടോയിൽ ഒരാൾ, ടാക്സിയിൽ മൂന്ന് പേർ മാത്രം എന്ന നിലയിലായിരിക്കും ഇത്. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ രണ്ടാം ഘട്ടത്തിൽ തുറക്കാം. ഈ ഘട്ടത്തിൽ വിവാഹത്തിന് 20 പേരെ മാത്രം അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങൾ തുറക്കാം. ജീവനക്കാരുടെ എണ്ണം 20 അല്ലെങ്കിൽ ആകെ ജീവനക്കാരുടെ ഇരുപത് ശതമാനം മാത്രം അനുമതി. ഈ ഘട്ടത്തിൽ പ്രഭാതസവാരിക്ക് അനുമതി നൽകും. രാവിലെ ഏഴരക്ക് മുമ്പ് മാത്രം വീട്ടിൽ നിന്നും അരകിലോമീറ്റർ ചുറ്റളവിൽ ആയിരിക്കും ഇത് അനുവദിക്കുക.

മൂന്നാം ഘട്ടത്തിൽ ജില്ലകളിലൂടെ ബസ് സർവ്വീസ് തുടങ്ങാം. മൂന്നിൽ രണ്ട് പേർക്ക് മാത്രം അനുമതി, ആഭ്യന്തര വിമാന സർവ്വീസും ഈ ഘട്ടത്തിൽ തുടങ്ങാമെന്നാണ് നിർദ്ദേശം. വരുന്നവരെ മുഴുവൻ സ്ക്രീനിംഗിന് വിധേയരാക്കും. വരുന്നവർക്ക് 28 ദിവസം നിരീക്ഷണം നിർബന്ധമാക്കണമെന്നും നിർദ്ദേശിക്കുന്നു. 

click me!