ഏത്തമിടീച്ച യതീഷ്ചന്ദ്രക്ക് ശാസന ?; ലോക്ക് ഡൗൺ പരിശോധനക്ക് ഡ്രോണുകൾ

By Web TeamFirst Published Mar 29, 2020, 12:57 PM IST
Highlights

കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടീച്ചതിൽ എസ്പി യതീഷ് ചന്ദ്ര ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും

തിരുവനന്തപുരം: കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്രക്കെതിരെ നടപടി ഉണ്ടായേക്കും . സംഭവത്തിൽ ഡജിപി ലോക് നാഥ് ബെഹ്റക്ക് യതീഷ് ചന്ദ്ര ഇന്ന് വിശദീകരണം നൽകും. കണ്ണൂരിലെ ഏത്തമീടിക്കലിൽ എസ്പി യതീഷ്ചന്ദ്രക്കെതിരെ ശാസന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എസ് പിയുടെ വിശദീകരണത്തിന് ശേഷമാകും തുടർനടപടി. മുഖ്യമന്ത്രി തന്നെ യതീഷ് ചന്ദ്രയുടെ നടപടി പരസ്യമായി തള്ളിയിരുന്നു. 

അതിനിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ആറ് ദിവസമാകുമ്പോൾ സംസ്ഥാനത്ത് സ്ഥിതിഗതികൾ ഏറക്കുറെ ശാന്തമാണ്. പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പരിശോധനക്ക് ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളും പൊലീസ് ഉപയോഗിക്കുന്നുണ്ട്. 

ഞായറാഴ്ചയിലെ ചന്ത അടക്കം കണക്കിലെടുത്താണ് പൊലീസ് പരിശോധനക്കായി ഡ്രോൺ ഇറക്കിയത്. ആൾക്കൂട്ടത്തിലേക്ക് പൊലീസ് നേരിട്ടെത്തുന്നത് ഒഴിവാക്കാനായിരുന്നു നടപടി. പക്ഷെ ചന്തകളിലൊന്നും പതിവ് ആൾക്കൂട്ടമില്ലായിരുന്നു. അടുത്ത ഘട്ടത്തിൽ പൊലീസ് സൈറണോടെയുള്ള ഡ്രോണുകളും പരിശോധനക്കായി ഉപയോഗിക്കുമെന്ന് ഡിജിപി അറിയിച്ചു. 

സംസ്ഥാനത്താകെ ഇന്ന് ആളുകൾ കാര്യമായി പുറത്തേക്കിറങ്ങിയിട്ടില്ല. നിരത്തുകൾ പൊതുവെ ശാന്തമായിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നിട്ടുണ്ടെങ്കിലും വലിയ തിരക്ക് എവിടെയുമില്ല. പരിശോധന അതിരുവിടരുതെന്ന മുഖ്യമന്ത്രിയുടേയും ഡിജിപിയുടെ കർശന നിർദ്ദേശമുള്ളതിനാൽ മാന്യമായ ഇടപെടൽ ഉന്നത ഉദ്യോഗസ്ഥരും ഉറപ്പാക്കുന്നുണ്ട്. 

click me!