പ്രതിഷേധം, ലോക്ക്ഡൗൺ നാലാം ഘട്ടത്തിലും കേരളത്തിൽ സ്വകാര്യ ബസ്സുകൾ ഓടില്ല

By Web TeamFirst Published May 19, 2020, 8:41 AM IST
Highlights

അമ്പത്ശതമാനം മാത്രം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമാകില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന. ബസ് യാത്രാക്കൂലി വേണ്ടത്ര കൂട്ടാത്തതിലും പ്രതിഷേധം. നികുതിയിളവ് വേണമെന്ന ആവശ്യവും അംഗീകരിച്ചില്ലെന്ന് ബസ്സുടമകൾ.

കൊച്ചി: ലോക്ക്ഡൗണിന്‍റെ നാലാം ഘട്ടത്തിൽ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസ്സുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യബസ്സുടമകളുടെ സംഘടന. സർക്കാർ ഇപ്പോൾ നിശ്ചയിച്ച നിബന്ധനകളോടെ ബസ്സ് ഓടിക്കുന്നത് പ്രായോഗികമല്ല. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും, സർക്കാരിനോട് ചോദിച്ചത് ഇരട്ടി ബസ് ചാർജ് വർദ്ധനയാണെന്നും ബസ്സുടമകൾ പറഞ്ഞു.

ബസ് യാത്രാക്കൂലി കുറഞ്ഞത് 8 രൂപയായിരുന്നത് 12 രൂപയാക്കിയാണ് കൂട്ടിയത്. 20 രൂപയെങ്കിലും കുറഞ്ഞ യാത്രാക്കൂലി വേണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം. ഡീസൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതുമില്ല. ഇത് അംഗീകരിക്കാത്തതിലാണ് ബസ്സുടമകൾക്കിടയിൽ പ്രതിഷേധം. 

വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് ബസ്സുടമകൾ യോഗം ചേരുന്നുണ്ട്. 11 മണിക്കാണ് യോഗം. ഇതിന് ശേഷം ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതിലെ പ്രതിഷേധം സർക്കാരിനെ അറിയിക്കുമെന്നും ബസ്സുടമകൾ വ്യക്തമാക്കുന്നു. 

ബസ്, ജലഗതാഗതത്തിൽ കർശനനവ്യവസ്ഥകളോടെയാണ് ഇളവുകൾ അനുവദിച്ചത്. ബസ്സിൽ മൊത്തം സീറ്റിന്‍റെ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാൻ പാടില്ല. 

നിലവിലെ ചാർജ് വർദ്ധന രൂപ നിരക്കിൽ ഇങ്ങനെ:

കിലോമീറ്റർ നിലവിലെ നിരക്ക് വർദ്ധിപ്പിച്ച നിരക്ക്
5 8 12
7.5 10 15
10 12 18
12.5 13 20
15 15 23
17.5 17 26
20 19 29

 

click me!