ചെന്നൈ/ തിരുവനന്തപുരം: കേരളത്തിലേക്കുള്ള പാസ്സുകൾക്കുള്ള അപേക്ഷ കൂട്ടത്തോടെ തള്ളി തമിഴ്നാട്. തിരികെ നാട്ടിലേക്ക് വരാൻ തമിഴ്നാടിന്‍റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത നിരവധിപ്പേർക്ക് പാസ്സ് കിട്ടിയില്ല. പാസ്സ് നൽകാനാകില്ലെന്നും, അപേക്ഷ തള്ളിയതായും നിരവധിപ്പേർക്കാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.
കേരളത്തിന്‍റെ പാസ്സ് ലഭിച്ചിട്ടും, കൃത്യമായിത്തന്നെ, തെറ്റുകളില്ലാതെ എല്ലാ വിവരങ്ങളോടും കൂടി അപേക്ഷ സമർപ്പിച്ചിട്ടും തമിഴ്നാട് വ്യാപകമായി പാസ്സ് അനുവദിക്കാതെ അപേക്ഷ തള്ളുകയാണ്. തമിഴ്നാട് കേരളത്തിലേക്ക് പാസ്സ് അനുവദിക്കുന്നില്ലെന്ന വ്യാപക പരാതിയാണ് നിലവിൽ ചെന്നൈയിലെയും തമിഴ്നാട്ടിലെ മറ്റ് നഗരങ്ങളിലെയും മലയാളികൾ ഉന്നയിക്കുന്നത്.
എന്നാൽ നിയന്ത്രണങ്ങൾ ശക്തമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും, പാസ്സ് അനുവദിക്കുന്നത് നിർത്തിവച്ചിട്ടില്ലെന്നുമാണ് തമിഴ്നാട് സെക്രട്ടേറിയറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. തമിഴ്നാട്ടിൽ രോഗവ്യാപനം കുത്തനെ കൂടിയതോടെ സംസ്ഥാനത്ത് കനത്ത യാത്രാ നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് നിലവിൽ പൊതുഗതാഗതസംവിധാനങ്ങൾ ഒന്നുമില്ലാത്ത അവസ്ഥ തന്നെയാണ്, മറ്റ് സംസ്ഥാനങ്ങളെപ്പോലെത്തന്നെ. നാട്ടിലേക്ക് വരുന്നവർ സ്വകാര്യവാഹനങ്ങളും മറ്റും ബുക്ക് ചെയ്തോ, സ്വന്തം വാഹനങ്ങൾ കിലോമീറ്ററുകളോളം ഓടിച്ചോ ആണ് തിരികെ വരുന്നത്. അങ്ങനെ പുറപ്പെടാനിരുന്ന വിദ്യാർത്ഥികളടക്കമുള്ളവരാണ് ഇപ്പോൾ ദുരിതത്തിലാകുന്നത്.
അതേസമയം, ഇതരസംസ്ഥാനങ്ങളിൽ നിന്ന് തീവണ്ടിയിൽ വരുന്നവർക്കും പാസ്സ് വേണമെന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കി. പുതിയ മാർഗരേഖയിലെ നിർദേശങ്ങൾ ഇങ്ങനെയാണ്:
ട്രെയിന്‍ പാസിന് വേണ്ടി 'കോവിഡ്-19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്.
ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. കേരളത്തിലിറങ്ങുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ വിശദാംശങ്ങള്‍ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടതുമാണ്. ഹോം ക്വാറന്‍റൈന്‍ പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും.
റെയില്‍വെ സ്റ്റേഷനില്‍നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവര്‍ ഹോം ക്വാറന്‍റൈന്‍ സ്വീകരിക്കേണ്ടതുമാണ്. റെയില്‍വെ സ്റ്റേഷനില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വെ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.
കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പോകേണ്ടിവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam