മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ ക്വാറന്‍റീൻ ചെയ്യുന്നത് വയനാടിന് തലവേദനയാകുന്നു

By Web TeamFirst Published May 7, 2020, 10:34 AM IST
Highlights

രോഗലക്ഷണമുള്ളവരെ കണ്ടെത്താനും ബുദ്ധിമുട്ട് നേരിടുന്നതായി അധികൃത‍ർ പറയുന്നു. വരുന്നവരിൽ പലരും പാരസെറ്റാമോൾ പോലുള്ള മരുന്നുകൾ കഴിച്ചാണ് വരുന്നതെന്നാണ് ആരോപണം. കൊവിഡ് കെയർ സെൻ്ററിലേക്ക് മാറ്റാതിരിക്കാനാണ് ആളുകൾ ഇങ്ങനെ മരുന്ന് കഴിച്ച് വരുന്നത്.

വയനാട്: റെഡ് സോണുകളിൽ നിന്നും പാസ് ഇല്ലാതെയും വരുന്ന ആളുകളെ ക്വാറന്‍റീൻ ചെയ്യുന്നത് വയനാട് ജില്ലാ ഭരണകൂടത്തിന് തലവേദനയാകുന്നു. രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രം ക്വാറൻ്റീൻ ചെയ്താൽ മതിയെന്ന തീരുമാനം പെട്ടന്ന് മാറ്റിയതിനെ തുടർന്ന് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തിന് ആയിട്ടില്ല.

ഇത് വ​ലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ജില്ലാ കളക്ട‍‍‍‌‌‍‍ർ ഇന്നലെ സ‍ർക്കാരിനെ അറിയിച്ചിരുന്നു. മുത്തങ്ങ ചെക്പോസ്റ്റ് വഴി ഇന്നലെ അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന 25 പേരെയും , പാസ് ഇല്ലാതെ വന്ന 39 പേരെയും ജില്ലാ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റിയിരുന്നു.

രോഗലക്ഷണമുള്ളവരെ കണ്ടെത്താനും ബുദ്ധിമുട്ട് നേരിടുന്നതായി അധികൃത‍ർ പറയുന്നു. വരുന്നവരിൽ പലരും പാരസെറ്റാമോൾ പോലുള്ള മരുന്നുകൾ കഴിച്ചാണ് വരുന്നതെന്നാണ് ആരോപണം. കൊവിഡ് കെയർ സെൻ്ററിലേക്ക് മാറ്റാതിരിക്കാനാണ് ആളുകൾ ഇങ്ങനെ മരുന്ന് കഴിച്ച് വരുന്നത്. ഇതും ആരോഗ്യപ്രവർത്തകർക്ക് തലവേദനയാകുന്നുണ്ട്.  

ജില്ലയിൽ നിലവിൽ നാല് പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

click me!