തിരിച്ചെത്തുന്നവരെ 14 ദിവസം നിരീക്ഷണത്തിലാക്കണമെന്ന് നിർദേശം, രണ്ട് തവണ കൊവിഡ് പരിശോധിക്കണം

By Web TeamFirst Published May 7, 2020, 8:36 AM IST
Highlights

കൊവിഡ് ലക്ഷണങ്ങൾ ചിലരിൽ രണ്ടാഴ്ച കഴിഞ്ഞാവാം പ്രകടമാകുക. രോഗലക്ഷണങ്ങൾ കാണിക്കാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊല്ലം: മടങ്ങിയെത്തുന്ന പ്രവാസികളെ സര്‍ക്കാർ നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ 14 ദിവസവും പാര്‍പ്പിച്ച് പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധര്‍. ഏഴാം ദിവസം ഒരു പിസിആര്‍ പരിശോധന മാത്രം നടത്തി മടങ്ങിയെത്തുന്നവരെ വീടുകളില്‍ നിരീക്ഷണത്തില്‍ വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകും. രോഗലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ പിന്നിടുള്ള ദിവസങ്ങളില്‍ രോഗ ബാധയും രോഗ പകര്‍ച്ചയും ഉണ്ടാകാമെന്നതിനാലാണ് വിദഗ്ധരുടെ ഈ മുന്നറിയിപ്പ്.

വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാൽ രോഗബാധ ഉണ്ടായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയപരിധിയാണ് ഇൻകുബേഷൻ പിരീഡ്. സാധാരണ ഗതിയില്‍ ഈ സമയ പരിധി 5 മുതല്‍ ഏഴു ദിവസം വരേയോ പരമാവധി 14 ദിവസം വരേയോ നീളാം. എന്നാല്‍ എല്ലാവരിലും ഇങ്ങനെ തന്നെ ആകണമെന്നില്ല. ചിലരില്‍ രണ്ടാഴ്ചക്ക് അപ്പുറത്തേക്കും നീളാം. രോഗലക്ഷണങ്ങൾ കാണിക്കാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

സാഹചര്യങ്ങള്‍ ഇതായിരിക്കെ സമൂഹ വ്യാപനമടക്കം ഉണ്ടായ രാജ്യങ്ങളിൽ നിന്നെത്തിക്കുന്നവരെ സര്‍ക്കാര്‍ സംവിധാനത്തിൽ ഏഴുദിവസം മാത്രം പാര്‍പ്പിച്ച് 7ാം ദിവസം പരിശോധന നടത്തുന്നത് രോഗബാധ കണ്ടെത്താൻ സഹായിക്കണമെന്നില്ല. ഏഴുദിവസത്തിനുള്ളിൽ നടത്തുന്ന പരിശോധയില്‍ നെഗറ്റീവാകുന്ന ആൾ പിന്നിടുള്ള ദിവസങ്ങളില്‍ പോസിറ്റീവായിക്കൂടാ എന്നുമില്ല. അതിനാല്‍ 14 ദിവസം കഴിയുമ്പോൾ വീണ്ടും പരിശോധന നടത്തണം.

പതിനായിരക്കണക്കിന് പേര്‍ എത്തുമ്പോൾ അവരെ ഭക്ഷണമടക്കം നല്‍കി സര്‍ക്കാര്‍ ചെലവില്‍ 14 ദിവസം പാര്‍പ്പിക്കുന്നത് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക്. മാത്രവുമല്ല പിസിആര്‍ പരിശോധന കിറ്റുകള്‍ക്ക് ക്ഷാമമുളളതിനാല്‍ 14 ദിവസം കഴിഞ്ഞുള്ള പരിശോധന എല്ലാവരിലും നടത്തുകയുമില്ല. അങ്ങനെയെങ്കില്‍ രോഗലക്ഷണങ്ങളില്ലാതെ തന്നെ രോഗികൾ ആകുന്നവരെ കണ്ടെത്താനാകാത്ത സ്ഥിതി ഉണ്ടാകും.

click me!