പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; 1500 പേർക്ക് കൊവി‍ഡ് പരിശോധന

By Web TeamFirst Published Jun 29, 2020, 12:42 PM IST
Highlights

താലൂക്കിലെ 1500 പേർക്ക് കൊവി‍ഡ് പരിശോധന നടത്തും. ആവശ്യമെങ്കിൽ പരിശോധന വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ ടി ജലീൽ അറിയിച്ചു. പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികളുടെയും സഹായം തേടാനാണ് തീരുമാനം. 

മലപ്പുറം: മലപ്പുറത്ത് പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതും, ഉറവിടമറിയാത്ത കേസുകൾ ദിനം പ്രതി കൂടുതന്നതും കണക്കിലെടുത്താണ് തീരുമാനം. മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മന്ത്രി കെ ടി ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം വരുന്നത്.

പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ൻമെന്‍റ് സോണാക്കും. 9 പ‌ഞ്ചായത്തുകളും കണ്ടെയ്ൻമെന്‍റ് സോണാക്കാനാണ് ശുപാർശ. ജില്ലാ ഭരണകൂടമാണ് ശുപാർശ നൽകിയത്. താലൂക്കിലെ 1500 പേർക്ക് കൊവി‍ഡ് പരിശോധന നടത്തും. ആവശ്യമെങ്കിൽ പരിശോധന വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ ടി ജലീൽ അറിയിച്ചു. പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികളുടെയും സഹായം തേടാനാണ് തീരുമാനം. 

സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്‍റിനല്‍ സർവൈലൻസ് പരിശോധനയിലാണ് മലപ്പുറം എടപ്പാളിൽ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും മൂന്നു നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ രോഗികളടക്കം നിരവധി പേരുമായി സമ്പർക്കമുള്ളവരാണ് ആരോഗ്യ പ്രവർത്തകർ. ഈ ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ സ്രവം പരിശോധനക്ക് അയച്ചു. 

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിൽ നിന്നായി ഇരുപത്തി ഒന്നായിരം പേരുടെ സമ്പർക്ക പട്ടികയാണ് ആരോഗ്യ വകുപ്പിന് കിട്ടിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ  മന്ത്രി കെ ടി ജലീലിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. 

click me!