സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

By Web TeamFirst Published Apr 29, 2020, 6:18 PM IST
Highlights

നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് പിഴ. 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് പിഴ.  കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. 

സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം മാസ്ക് നൽകാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്ത് പൊതുവിൽ ആളുകൾ മുഖം മറച്ചാണ് പുറത്തിറങ്ങുന്നത്. ടവലോ ഷാളോ ഉപയോ​ഗിച്ച് മുഖം മറച്ചാലും മതി. ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ രണ്ടാം ​​ഘട്ടം തുപ്പലേ തോറ്റു പോകും എന്ന പേരിൽ ആരംഭിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

click me!