
തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്തിന് ശേഷം സാധനങ്ങൾക്ക് വില കൂടുമോ എന്ന ആശങ്ക കേരളത്തിലെ വീട്ടകങ്ങളിലെല്ലാം ഉണ്ട്. ആ ആശങ്ക തന്നെയാണ് മുൻ അഭിനേത്രിയും മികച്ചൊരു പാചകവിദഗ്ധയുമായ ആനിയും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക ഷോയായ 'കര കയറാനി'ൽ പങ്കുവയ്ക്കുന്നത്.
''എട്ട് മാസമെങ്കിലും തിരികെ സാധാരണ ജീവിതത്തിലേക്ക് വരാനെടുത്തേക്കുമെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. മൂന്ന് മാസത്തേക്ക് സൗജന്യറേഷൻ നൽകുന്നതിൽ നന്ദിയുണ്ട്. പക്ഷേ, മൂന്ന് മാസം തീരുമ്പോഴേക്ക് സ്റ്റോക്കെല്ലാം തീരും. അപ്പോൾ പിന്നെ സാധനങ്ങൾ വാങ്ങാൻ കടകളിലേക്ക് പോയാൽ വില കൂടുമോ? വിപണിയിൽ സർക്കാർ ഇടപെടുമോ?'', എന്നായിരുന്നു ആനിയുടെ ചോദ്യം.
സംസ്ഥാനത്ത് ആവശ്യമായ അരി ഉണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ ആവർത്തിക്കുന്നു. ലോക്ക് ഡൗൺ കാലത്തിന് ശേഷം എന്തുണ്ടാകുമെന്നത് സർക്കാർ മുൻകൂട്ടി കാണുന്നുണ്ട്. മൺസൂൺ കാലത്തേയ്ക്ക് കൂടി വേണ്ട ഭക്ഷ്യധാന്യം സർക്കാർ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. പിഡിഎസ് വഴി സർക്കാർ വഴി വിതരണം ചെയ്യുന്ന അരിയ്ക്ക് വില വ്യത്യാസമുണ്ടാകില്ലെന്നും, കേന്ദ്രസർക്കാർ അരിക്കോ ഗോതമ്പിനോ വില കൂട്ടിയാൽ മാത്രം മുൻഗണനാപട്ടികയിലെ സബ്സിഡിയേതര വിഭാഗത്തിന് മാത്രം അൽപം പണം കൂടുതൽ നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിതരണ സംവിധാനത്തിൽ സർക്കാർ കൃത്യമായി ഇടപെടുന്നുണ്ട്. മാർക്കറ്റിൽ ഇടപെടുന്നുണ്ട്. വിലക്കയറ്റത്തെ സർക്കാർ കൃത്യമായി പിടിച്ചുനിർത്തിയിട്ടുമുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam