സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം, കാസർകോട്ടും പാലക്കാട്ടും രണ്ട് സ്ത്രീകൾ മരിച്ചു

By Web TeamFirst Published Jul 25, 2020, 10:02 AM IST
Highlights

പാലക്കാട്ട് മരിച്ച മധ്യവയസ്ക നിരീക്ഷണകാലാവധി പൂർത്തിയാക്കിയതാണ് എന്നതാണ് ഗൗരവതരമായ കാര്യം. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മകന്‍റെയൊപ്പം ബൈക്കിലാണ് അഞ്ജലി നാട്ടിൽ തിരികെയെത്തിയത്. 

പാലക്കാട്/ കാസർകോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പാലക്കാട്ടും കാസർകോട്ടും രണ്ട് സ്ത്രീകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40), കാസർകോട് പടന്നക്കാട് സ്വദേശി നബീസ (75) എന്നിവരാണ് മരിച്ചത്. രണ്ട് പേരും പ്രമേഹരോഗികളായിരുന്നു. ഇതോടൊപ്പം ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശി റുഖിയാബിയുടെ മകൾ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു. അവർ അർബുദരോഗിയായിരുന്നു. കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷമേ രോഗമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാകൂ. 

കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പാലക്കാട്ട് ഇത് വരെ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 

Read more at: കണ്ണൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ്

കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നാണ് പടന്നക്കാട് നിന്ന് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുവരുന്നത്. ഇവർക്ക് പ്രമേഹരോഗവുമുണ്ടായിരുന്നു. തുടർന്ന് ഇവർക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെയോടെ ഇവരുടെ ശരീരത്തിൽ വലിയ തോതിൽ ഓക്സിജന്‍റെ അളവ് കുറയുകയും കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്തു.

വെന്‍റിലേറ്ററിലായിരുന്ന ഇവരുടെ മരണം ഇന്ന് രാവിലെയോടെയാണ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗത്തിന്‍റെ ഉറവിടം ഇത് വരെ അറിവായിട്ടില്ല. 

അതേസമയം, പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി മൂന്നാഴ്ച മുമ്പാണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് പാലക്കാട്ടെത്തിയത്. മകന്‍റെ ഒപ്പം ബൈക്കിലാണ് അഞ്ജലി വന്നത്. ഇവർക്കും കടുത്ത പ്രമേഹരോഗം ഉണ്ടായിരുന്നു. നിരീക്ഷണകാലാവധി പൂർത്തിയാക്കിയ ആളാണ് അഞ്ജലി എന്നതാണ് ഏറ്റവും ഗൗരവതരമായ കാര്യം. 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് ഇവരുടെ ആരോഗ്യനില മോശമായത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഈ മാസം 22-നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മൂന്ന് ദിവസത്തിനകം മരണം സംഭവിച്ചു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. 

അതേസമയം, കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകൾ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു. 52 വയസ്സായിരുന്നു. ഇവ‍ർക്ക് കൊവിഡാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അർബുദരോഗിയായിരുന്നു ഷാഹിദ. ഇന്നലെയാണ് രക്താദിസമ്മർദ്ദവും ആസ്ത്മയും മൂലമാണ് റുഖിയാബിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. റുഖിയാബിയുടെ കുടുംബത്തിലുള്ളവർക്ക് കൊവിഡ് ഉണ്ടായിരുന്നു. ഷാഹിദയുടെ മരണം അർബുദം മൂലം തന്നെയാണെന്നാണ് വിവരം. ഇവരുടെ സ്രവപരിശോധന ഇന്ന് തന്നെ നടത്തും. പരിശോധനാഫലം വന്ന ശേഷമേ സംസ്കാരച്ചടങ്ങുകളും മറ്റും നടക്കൂ. 

കാസർകോട് ജില്ലയിൽ മരിച്ച നാല് പേരിൽ രണ്ട് പേരുടെയും രോഗ ഉറവിടം അറിയില്ല. കാസർകോട് ജില്ലയിൽ ഇന്നലെ മാത്രം 106 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 98 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 21 പേരുടെ ഉറവിടം വ്യക്തമല്ല. 

click me!